

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊലപാതകത്തിന് ശേഷം മുഹമ്മദ് കുഞ്ഞുമായി മൃതദേഹത്തിനടുത്ത് മുക്കാല്‍ മണിക്കൂറോളം ഇരുന്നുവെന്നാണ് മൊഴി. നാലുമാസം പ്രായമായ കുഞ്ഞ് കരഞ്ഞതോടെ ഫ്‌ളാറ്റിലേക്ക് പോകാനൊരുങ്ങി. എന്നാല്‍ മൃതദേഹത്തിന് അരികില്‍ കുറുനരികള്‍ എത്തിയത് കണ്ട മുഹമ്മദ് കൈ കൊണ്ട് മണ്ണ് മാറ്റി കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ ഫ്‌ളാറ്റിലെത്തിയ മുഹമ്മദ് കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ചു. ഫാത്തിമ എവിടെ എന്ന് ചോദിച്ചപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി എന്നായിരുന്നു മുഹമ്മദ് പറഞ്ഞത്. ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടോ എന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.
ഫാത്തിമയെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദിനെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു. ഫാത്തിമയെ മുഹമ്മദ് ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ 29-ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട മുഹമ്മദിനെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീവനൊടുക്കാനുളള ശ്രമത്തിനിടെയാണ് പൊലീസ് ഇയാളെ അനുനയിപ്പിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയുമായി ബീച്ചിലെത്തി തെളിവെടുപ്പ് നടത്തി. അതിനിടെ പ്രതിക്കുനേരെ ആക്രോശിച്ച് ഫാത്തിമയുടെ പിതാവും നാട്ടുകാരും എത്തിയതോടെ പ്രതിയുമായി പൊലീസ് പെട്ടെന്ന് മടങ്ങി.
ഫാത്തിമയുടെയും മുഹമ്മദിന്റെയും പ്രണയ വിവാഹമായിരുന്നു. സംശയത്തിന്റെ പേരില്‍ ഇരുവരും അകന്നാണ് താമസിച്ചിരുന്നത്. രണ്ടാഴ്ച്ച മുന്‍പ് മുഹമ്മദ് ഫാത്തിമയെ മര്‍ദ്ദിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഫാത്തിമ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പറഞ്ഞുതീര്‍ത്തശേഷം ഫാത്തിമ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി ഫാത്തിമയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ പ്രതി കടപ്പുറത്തുവെച്ച് വാക്കേറ്റമുണ്ടായതോടെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: Ponnani woman's murder: Accused says he sat with his child next to the body for an hour