അന്നത്തെ സംഭവത്തില്‍ ആദിത്യന്‍ മാനസികമായി തകര്‍ന്നു; അധ്യാപകന്റെ പങ്ക് അന്വേഷണം; ആരോപണവുമായി കുടുംബം

'അന്നേ ദിവസം 12.30 ആയപ്പോള്‍ ഒരു സ്ത്രീ വിളിച്ച് ആദിത്യന് സുഖമില്ല, വരണം എന്നു പറഞ്ഞു'

അന്നത്തെ സംഭവത്തില്‍ ആദിത്യന്‍ മാനസികമായി തകര്‍ന്നു; അധ്യാപകന്റെ പങ്ക് അന്വേഷണം; ആരോപണവുമായി കുടുംബം
dot image

തിരുവനന്തപുരം: ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യനെ കോളേജ് അധികൃതര്‍ കൊലപ്പെടുത്തിയതെന്ന് കുടുംബം. അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായ സന്ദീപ് ആദിത്യനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. മകന് എന്താണ് സംഭവിച്ചതെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും കെവിന്റെ അമ്മ അശ്വതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ആദിത്യന്റെ മുറിയിലെ മറ്റുകുട്ടികള്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കാറുണ്ട്. മുറിയിലെ കുട്ടികള്‍ അത് ഉപയോഗിക്കുന്നുണ്ട്. അത് പേടിച്ച് ഇവന്‍ മാറി വേറെ മുറിയിലാണ് കിടന്നിരുന്നത്. സന്ദീപ് എന്ന സര്‍ ആദിത്യനെ വിളിച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടെ നില്‍ക്കെ 'നീയാണ് ഇതിന്റെ മെയിന്‍ ആള്‍. ബാക്കി കുട്ടികളുടേയും പേര് പറയണം' എന്നുപറഞ്ഞ് എന്റെ കൊച്ചിനെ നാണം കെടുത്തി. ആ സംഭവത്തിന് പിന്നാലെ മാനസികമായി തളര്‍ന്നുവെന്ന് മകന്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ സന്ദീപ് സര്‍ മകനെ വിളിപ്പിച്ച് താന്‍ അക്കാര്യം ചുമ്മാ പറഞ്ഞതാണെന്നും മറ്റുള്ളവരുടെ പേര് പറയാന്‍ വേണ്ടി പറഞ്ഞതാണെന്നും പറയുകയുണ്ടായി', അമ്മ ആരോപിച്ചു.

സര്‍ അവനെ നിരന്തരം പീഡിപ്പിച്ചിരിക്കാം. യൂണിഫോം ഇട്ട് കോളേജില്‍ പോകാന്‍ ഇറങ്ങിയ കുട്ടിയാണ് മടങ്ങിപ്പോയി ജീവനൊടുക്കിയതെന്നും അമ്മ പറഞ്ഞു. അന്നേ ദിവസം 12.30 ആയപ്പോള്‍ ഒരു സ്ത്രീ വിളിച്ച് ആദിത്യന് സുഖമില്ല, വരണം എന്നു പറഞ്ഞു. തൊട്ടുപിന്നാലെ മറ്റൊരാള്‍ വിളിച്ച് ആദിത്യന്‍ ബാത്ത്‌റൂമില്‍ വീണുവെന്ന് പറഞ്ഞു. മകന്‍ ജീവനൊടുക്കില്ല. ഇനി ഒരു മക്കള്‍ക്കും ഈ ഗതി വരരുതെന്നും അശ്വതി പറഞ്ഞു.

ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആദിത്യനെയാണ് (19) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. നാലുപേരുള്ള മുറിയിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ആദിത്യന് ഒപ്പമുണ്ടായിരുന്നവര്‍ കോളേജില്‍ നിന്നും തിരികെ വന്നുനോക്കിയപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോളേജില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

Content Highlights: Nursing Student Adityan Death mother allegations against teacher sandeep

dot image
To advertise here,contact us
dot image