

സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി വീണ്ടും ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍. 14-ാം സീസണിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. മെയ് മാസം മുഴുവന്‍ പ്രവൃത്തി ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഉദ്യാനം സന്ദര്‍ശിക്കാമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
കുടുംബമായി എത്തുന്നവര്‍ക്ക് ഗേറ്റ് നമ്പര്‍ 3 വഴി രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ സൗജന്യമായി പ്രവേശിക്കാം. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ഈ ഓഫര്‍ ലഭ്യമാകില്ല.
കുടുംബങ്ങള്‍ക്കുള്ള സൗജന്യ പ്രവേശനത്തിന് പുറമെ, യുഎഇ നിവാസികള്‍ക്കായി ടിക്കറ്റ് നിരക്കില്‍ വലിയ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ്സ് ഐഡി ഹാജരാക്കുന്നവര്‍ക്ക് വെറും 30 ദിര്‍ഹത്തിന് ഉദ്യാനത്തില്‍ പ്രവേശിക്കാം. 12 വയസ്സും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായി തുടരും.
Content Highlights: Dubai Miracle Garden introduces attractive offers for tourists, promising a vibrant floral experience and special deals for visitors.