ജിഡിപി വളര്‍ച്ച 7.4 ശതമാനത്തിലെത്തിയേക്കും; ആഗോള അസ്ഥിരത വെല്ലുവിളിയെന്ന് കേന്ദ്രം

സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷമുണ്ടായത്. 7.6 ശതമാനംവരെ വളര്‍ച്ച നേടാനായി

ജിഡിപി വളര്‍ച്ച 7.4 ശതമാനത്തിലെത്തിയേക്കും; ആഗോള അസ്ഥിരത വെല്ലുവിളിയെന്ന് കേന്ദ്രം
dot image

നടപ്പുസാമ്പത്തികവര്‍ഷം ഏഴുശതമാനത്തിനും 7.4 ശതമാനത്തിനും ഇടയില്‍ വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

2026-27 സാമ്പത്തികവര്‍ഷം തുടക്കത്തില്‍ ആഭ്യന്തര സമ്പദ്ഘടന ശക്തമാണ്. എന്നാല്‍, ബാഹ്യഘടകങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷമുണ്ടായത്. 7.6 ശതമാനംവരെ വളര്‍ച്ച നേടാനായി. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച അനുമാനം കണക്കാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വിതരണശൃംഖലയില്‍ കനത്ത ആഘാതമുണ്ടാക്കി. പണപ്പെരുപ്പത്തില്‍ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. വ്യാപാരമേഖലയിലും സാമ്പത്തിക ഒഴുക്കിലും ഇതു തടസ്സങ്ങളുണ്ടാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷം 6.5 ശതമാനമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎം.എഫ്) പ്രവവചിച്ചിരുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ അധിക താരിഫിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ജനുവരിയില്‍ ഐഎംഎഫിന്റെ പ്രവചനം. എന്നാല്‍ താരിഫ് വിഷയത്തില്‍ യുഎസ് സുപ്രീംകോടിയില്‍ ട്രംപിന് തിരിച്ചടിയേറ്റത് ഗുണകരമാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. കോടതി ഉത്തരവോടെ, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യുഎസ് വന്‍തുക തിരികെ നല്‍കേണ്ടതുണ്ട്.

Content Highlights: India's GDP growth forecast of 7-7.4 per cent for FY2026-27 is facing uncertainty due to the evolving macroeconomic outlook amid the ongoing West Asia conflict, according to the Finance Ministry's monthly economic review.

dot image
To advertise here,contact us
dot image