

കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ളക്‌സിലെ വാചകം. മാടായി കൂട്ടായ്മ എന്ന പേരില്‍ പഴയങ്ങാടിയിലെ ബീവി റോഡിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
നേരത്തേ മലപ്പുറത്തും സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 'നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍' എന്നായിരുന്നു ഫ്‌ളക്‌സില്‍ എഴുതിയിരുന്നത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനിടെയാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ഉയര്‍ന്നത്.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെപിസിസി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെപിസിസി നല്‍കിയ പരാതി. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
Content Highlights- Flex boards greeting V D Satheesan as the appointed Chief Minister have appeared in Kannur