

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കി. 2026 മാര്‍ച്ച് 15ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സമാനമായ നോട്ടീസ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ നേതൃത്വത്തില്‍ നല്‍കിയിരിക്കുന്നത്.
ഒമ്പത് ആരോപണങ്ങളാണ് നോട്ടീസിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്യാനേഷ് കുമാര്‍ ഈ പദവിയില്‍ ഇരിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തമന്ത്രിയുടെയും താൽപര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നോട്ടീസിൽ പറയുന്നു.
വനിതാ സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. കൂടുതല്‍ എംപിമാരുടെ ഒപ്പ് ശേഖരിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രമേയം. മുന്‍പ് പ്രതിപക്ഷം നല്‍കിയ പ്രമേയം രാജ്യസഭ ചെയര്‍മാനും ലോക്സഭ സ്പീക്കറും തള്ളിയിരുന്നു.
193 എംപിമാരുടെ ഒപ്പ് അന്നത്തെ പ്രമേയത്തില്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് 63 രാജ്യസഭ എംപിമാരും 130 ലോക്സഭ അംഗങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രമേയം നല്‍കിയത്. ഗ്യാനേഷ് കുമാറിന് എതിരെയുള്ള ആരോപണങ്ങളില്‍ പ്രതിപക്ഷ സഖ്യം ഉറച്ചുനില്‍ക്കുകയാണ്.
Content Highlights: Opposition parties claimed that Gyanesh Kumar continuing in his position is a violation of the Constitution. A notice signed by 73 MPs was submitted in the Rajya Sabha raising the issue