

കൊച്ചി: കിഴക്കമ്പലത്തെ ജംഗിള്‍ പാര്‍ക്കിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. ഭരണസമിതി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ വാദപ്രതിവാദങ്ങളുമായി പ്രസിഡന്റും സെക്രട്ടറിയും രംഗത്തെത്തി. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്ന് പ്രസിഡന്റ് ജിന്‍സി അജി ആവര്‍ത്തിച്ചു. സെക്രട്ടറിക്കെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ നല്‍കും. സെപ്റ്റംബറില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന വിവരം മെമ്പര്‍ അറിഞ്ഞു. ലൈസന്‍സ് എടുക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടു. പിന്നീട് കാര്യങ്ങള്‍ അന്വേഷിച്ചില്ല. ലൈസന്‍സ് കൊടുക്കേണ്ടത് സെക്രട്ടറിയുടെ ചുമതലയാണെന്നും പ്രസിഡന്റ് പറഞ്ഞു. ജംഗിള്‍ പാര്‍ക്കിന് ലൈസന്‍സില്ല എന്ന കാര്യം മെമ്പര്‍ ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്ന് സെക്രട്ടറി ടി അജി പറഞ്ഞു. വാര്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയിക്കേണ്ടത് മെമ്പറാണ്. ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കാര്യം അറിയിച്ചില്ല. സ്ഥാപന ഉടമകള്‍ അപേക്ഷ വെച്ചിട്ടില്ല. ആകെ നല്‍കിയത് വിവരാവകാശരേഖയാണെന്നും സെക്രട്ടറി പറഞ്ഞു.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. സംഭവം ആര്‍ഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയും മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കിഴക്കമ്പലം പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന ജംഗിള്‍ പാര്‍ക്കിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മുഹമ്മദ് ആദം മരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദം. അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം പാര്‍ക്കിലെത്തിയപ്പോഴായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പരിശോധനയില്‍ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിരുന്നു.
Content Highlights- Opposition members protested at Kizhakkambalam Panchayat after the death of a five-year-old child at Jungle Park