

ന്യൂഡല്‍ഹി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നല്‍കി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അതേസമയം മരിച്ച ഒമ്പത് പേരുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോയി. കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ള മൂന്ന് പേരും നീരീക്ഷണത്തില്‍ തുടരുകയാണ്. സാജിതയുടെ മകന്‍ ഷഹദിന്‍ (11), ട്രാവലര്‍ ഡ്രൈവര്‍ മുഹമ്മദ് ഫായിസ് (22), സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണ് ചികിത്സയിലുള്ളത്.
ഇന്നലെ വൈകുന്നേരം 5.20നാണ് വാല്‍പ്പാറയില്‍ അപകടം നടന്നത്. മിനിവാന്‍ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. വാഹനം പലവട്ടം കീഴ്മേല്‍ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വാഹനം പൂര്‍ണമായും തകര്‍ന്നു. പൊള്ളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.
പാങ്ങ് എല്‍പി സ്‌കൂളിലെ അധ്യാപകര്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് ദുരന്തമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് സ്ത്രീകള്‍ക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവന്‍ നഷ്ടമാകുകയായിരുന്നു. പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, മജീദ്, ഷക്കീല, സുഹറയുടെ മകന്‍ ഹിഷാം, മജീദിന്റെ ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത എന്നിവരാണ് മരിച്ചത്.
Content Highlights: Congress leader K C Venugopal letter to Tamilnadu CM M K Stalin on Valparai accident