'പഠിക്കണമെന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി, നിതിന്‍ അവസാനത്തെ ഇര'

നിതിനും അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയിട്ടില്ല എന്നാണ് അതിന്റെ അര്‍ത്ഥം എന്നും വേടന്‍

'പഠിക്കണമെന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി, നിതിന്‍ അവസാനത്തെ ഇര'
dot image

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊരുക്കിയ നിതിന്‍ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് റാപ്പര്‍ വേടന്‍. പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത് കേരളത്തിലെ പൊതു ഇടങ്ങളിലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണെന്നും വേടന്‍ പറഞ്ഞു. നിതിനും അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയിട്ടില്ല എന്നാണ് അതിന്റെ അര്‍ത്ഥം എന്നും വേടന്‍ വീഡിയോയിലൂടെ വ്യക്തമാക്കി.

നിതിന്‍ രാജിന്റെ മരണത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

ക്രൂര മാനസിക പീഡനമാണ് നിതിന്‍ അനുഭവിക്കേണ്ടി വന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. നിതിന്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമായിരുന്നു പുറത്തുവന്നത്. കുടുംബത്തയും അമ്മയെയും അധ്യാപകര്‍ പരിഹസിച്ചെന്നാണ് ശബ്ദ സന്ദേശത്തില്‍ നിതിന്‍ പറയുന്നത്.

പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് പ്രതികാര മനോഭാവത്തിലാണ് കൈകാര്യം ചെയ്യുന്നതെന്നും ശബ്ദ സന്ദേശത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കുടുംബത്തിന്റെ ആരോപണം പ്രധാനമായും രണ്ട് അധ്യാപകര്‍ക്ക് നേരെയാണ്. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊ.ഡോ. സംഗീത എന്നിവരെ നിലവില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. എന്നാല്‍ ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള ആരോപണം കോളേജ് അധികൃതര്‍ തള്ളുകയാണ്.

Content Highlights: rapper vedan Reaction over nitin death kannur

dot image
To advertise here,contact us
dot image