യുപിയിൽ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം

കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് കുടുംബം കൊണ്ടുപോയത്

യുപിയിൽ പാമ്പുകടിയേറ്റ 14കാരനെ ഗംഗയിൽ 12 മണിക്കൂർ മുക്കിവച്ചു; ഒടുവിൽ ദാരുണാന്ത്യം
dot image

അംറോഹ: യുപിയിലെ അംറോഹ ജില്ലയിൽ വിഷമിറക്കാൻ കുടുംബം ഗംഗാനദിയിൽ മുക്കിവച്ച പതിനാലുകാരന് ദാരുണാന്ത്യം. പാമ്പു കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ വാക്കു കേട്ട് കുടുംബം 12 മണിക്കൂറോളമാണ് ഗംഗയിൽ മുക്കിവച്ചത്. പാമ്പുകടിയേറ്റതിന് പിന്നാലെ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് കുടുംബം കൊണ്ടുപോയത്.

പാമ്പ് കടിക്കുള്ള പരിഹാരം എന്ന് പറഞ്ഞാണ് മന്ത്രവാദി ഗംഗയിൽ കുട്ടിയെ മുക്കിവയ്ക്കാൻ പറഞ്ഞത്. ഗംഗാനദിയിൽ മനുഷ്യശരീരം മുക്കിവയ്ക്കുന്നത് പാമ്പിന്റെ വിഷത്തിൽ നിന്നും മുക്തിതരുമെന്നാണ് പരക്കെയുള്ള അന്ധവിശ്വാസം. കുട്ടിയെ മുളയിൽ കെട്ടി കയറുപയോഗിച്ചാണ് ഗംഗയിൽ മുക്കിവച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുട്ടിക്ക് ചുറ്റുമായി നിരവധി പേർ നിൽക്കുന്നതും വീഡിയോയിൽ കാണാം. വിഷമുക്തമായി കുട്ടി തിരികെ വരുന്നത് കാണാനായാണ് ഇവർ കൂട്ടം കൂടി നിന്നതെന്നാണ് വിവരം. എന്നാൽ മണിക്കൂറുകൾ പിന്നിട്ടതോടെ കുട്ടി മരിച്ചെന്ന് വ്യക്തമായി. കുട്ടി മരിച്ചെന്ന് മനസിലായതോടെ മൃതദേഹം ഗംഗാനദിയിൽ എറിയാൻ കുടുംബം ശ്രമിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അന്ധമായ വിശ്വാസമുള്ളവരെ മുതലെടുത്ത് ജീവിക്കുന്ന മന്ത്രവാദികൾ ഇപ്പോഴുമുണ്ടെന്നത് ഹൃദയഭേദകമെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്. പലരും കുട്ടിയുടെ മാതാപിതാക്കളെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്.

Content Highlights: A 14-year-old boy in Uttar Pradesh died after being bitten by a snake and submerged in the Ganga for 12 hours due to superstition

dot image
To advertise here,contact us
dot image