

തിരുവനന്തപുരം: കുംഭമേള വൈറല്‍താര വിവാഹം യഥാര്‍ത്ഥ കേരള സ്റ്റോറി തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത്തരം കാര്യങ്ങള്‍ ഇനിയും തുടരും. ബാക്കിയൊക്കെ നിയമപരമായ പ്രശ്‌നമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവാഹിതയായ വൈറല്‍താരത്തിന് പ്രായപൂര്‍ത്തിയായില്ലെന്ന് കാട്ടി വരന്‍ മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫര്‍മാനെതിരെ പോക്‌സോ കേസെടുത്തിരുന്നു.
'പാര്‍ട്ടി സെക്രട്ടറിക്ക് പങ്കെടുക്കാന്‍ എന്താണ് നോക്കേണ്ടത്. അന്വേഷിക്കേണ്ടത് തങ്ങളല്ല. പൊലീസാണ്. കേരളത്തില്‍ വിവാഹം കഴിക്കാന്‍ പറ്റിയ അന്തരീക്ഷമുണ്ടെന്ന് കണ്ടാണ് ഇവര്‍ എത്തിയത്. അവരുടെ രേഖകളിലെല്ലാം ഒരേ തീയതിയാണ്. ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമായിരുന്നു അവരുടെ കൈയ്യിലുണ്ടായിരുന്നത്. ഇത് പൊലീസും ക്ഷേത്രകമ്മിറ്റിയും തദ്ദേശ സ്വയം ഭരണസ്ഥാപനവും എല്ലാം പരിശോധിച്ചിട്ടുണ്ട്', എം വി ഗോവിന്ദന്‍ പറഞ്ഞു.
നിലവിലെ പ്രചാരണത്തിന് പിന്നില്‍ സംഘപരിവാറാണ്. ഇങ്ങനെ കല്ല്യാണം കഴിക്കുന്നത് തന്നെ അവര്‍ക്ക് അത്ഭുതമാണ്. ഞങ്ങളെ സംബന്ധിച്ച് രണ്ട് മതവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ച് ഇവിടെയെത്തി. ആശംസയര്‍പ്പിക്കാനാണ് പോയത്. ആ പോയത് ശരിയാണ്. സംഘപരിവാര്‍ ഭീഷണിയില്‍ മാളത്തില്‍ ഒളിക്കില്ല. ഇത്തരം കാര്യങ്ങള്‍ ഇനിയും തുടരും എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് മുന്നില്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. രേഖകളുടെ ആധികാരികത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പൂവാര്‍ പൊലീസ് നാളെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.
കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും ഉപയോഗിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ചാണ് ആദ്യ അന്വേഷണം. ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്നും ഇവ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നുമാണ് അധികൃതര്‍ മൊഴി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന് അറിയില്ലെന്നും മൊഴിയിലുണ്ട്.
Content Highlights: kumbh mela viral wedding is real Kerala story said M V Govindan