

സൈബര്‍ സുരക്ഷാ മേല്‍നോട്ടം ശക്തമാക്കുന്നതിനും ബിസിനസ് നടപടികള്‍ എളുപ്പമാക്കുന്നതിനുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്ന് പുതിയ ഐടി പ്ലാറ്റ്ഫോമുകള്‍ ലോഞ്ച് ചെയ്തു. ആശയവിനിമയം കാര്യക്ഷമമാക്കുക, നിയമ നടപടികള്‍ ഡിജിറ്റലൈസ് ചെയ്യുക, സെബി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷാ നിരീക്ഷണം മെച്ചപ്പെടുത്തുക എന്നിവയാണ് പ്ലാറ്റ്ഫോമുകളുടെ പ്രധാന ലക്ഷ്യങ്ങള്‍.

സപ്കോംസ്
പരമ്പരാഗത ഇമെയില്‍ വഴിയുള്ള ആശയവിനിമയത്തിന് പകരമായാണ് SUPCOMS (Single Universal Platform for Communications) എന്ന പേരില്‍ ഏകീകൃത പ്ലാറ്റ്ഫോം രൂപകല്‍പന ചെയ്തിരിക്കുന്നത്. സെബിയും പുറത്തുള്ള സ്ഥാപനങ്ങളും തമ്മിലുള്ള എല്ലാ ഔദ്യോഗിക ഇടപാടുകളും ഒരിടത്ത് കേന്ദ്രീകരിക്കാന്‍ പ്ലാറ്റ്‌ഫോം സഹായിക്കും. വിവരങ്ങള്‍ പലയിടത്തായി നഷ്ടപ്പെട്ടുപോകാതെ കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനും, ഏത് സമയത്തും വിവരങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.
ഇ-അഡ്ജുഡിക്കേഷന്‍ പോര്‍ട്ടല്‍
സെബിയുടെ നിയമ നടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഈ പോര്‍ട്ടല്‍ സഹായിക്കും. കാരണം കാണിക്കല്‍ നോട്ടീസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മറുപടി സമര്‍പ്പിക്കാനും രേഖകള്‍ കൈമാറാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ഓണ്‍ലൈന്‍ ഹിയറിങ് മോഡ്യൂള്‍ വഴി നേരിട്ട് ഹാജരാകാതെ തന്നെ നടപടികളില്‍ പങ്കുചേരാം. ഇത് നടപടിക്രമങ്ങള്‍ സുതാര്യവും വേഗത്തിലുള്ളതുമാക്കും.
സി-സാക്
എഐ അധിഷ്ഠിതമായ സി-സാക് (C-SAC - Cyber-Sec Audit Compliance) സൈബര്‍ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്നു. സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷയിലെ വീഴ്ചകളും അപകടസാധ്യതകളും മുന്‍കൂട്ടി കണ്ടെത്താന്‍ ഇത് സഹായിക്കും. ഓട്ടോമേറ്റഡ് വിശകലനം വഴി കൃത്യമായ ഡേറ്റാ അധിഷ്ഠിത തീരുമാനങ്ങള്‍ എടുക്കാനും മാനുഷികമായ തെറ്റുകള്‍ കുറയ്ക്കാനും സെബിക്ക് ഇതിലൂടെ സാധിക്കുന്നു.
പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ കൂടുതല്‍ സുതാര്യവും പേപ്പര്‍ രഹിതവുമായ നിയന്ത്രണ ചട്ടക്കൂടാണ് സെബി ലക്ഷ്യമിടുന്നത്.
Content Highlights: SEBI launches 3 IT platforms to boost ease of doing business and cybersecurity oversight