

വണ്ടൂർ: വണ്ടൂർ യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽകുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്. മണ്ഡലത്തിലെ വോട്ടർമാർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയു എന്നതാണ് കണ്ടീഷൻ. പ്രവാസി കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയാണ് പ്രവചന മത്സരം നടത്തുന്നത്. ഇത്തവണ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമുള്ള യുഡിഎഫ്, വിജയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് വണ്ടൂർ. അതിനാൽ എ പി അനിൽകുമാറിന് ഇത്തവണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കൂട്ടലിലാണ് യുഡിഎഫ് നേതൃത്വവും.
പ്രവാസി കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഹാരിസ് നീലാമ്പ്രയുടെ ഫേസ്ബുക്ക് പേജിലാണ് മത്സരം. മേയ് മൂന്നിന് അർധരാത്രി 12വരെ ഭൂരിപക്ഷം എത്രയാണെന്ന് പേജിലെ പോസ്റ്റിൽ വണ്ടൂരിലെ വോട്ടർമാർക്ക് വോട്ടു ചെയ്യാം. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം കമന്റ് ചെയ്താൽ നറുക്കെടുപ്പ് വഴി വിജയികളെ തീരുമാനിക്കാനാണ് തീരുമാനം. വോട്ടെടുപ്പിന് മുമ്പ് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ ഭൂരിപക്ഷ പ്രവചന മത്സരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് സെക്രട്ടറി ആകാശ് തഴയശ്ശേരിലിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭൂരിപക്ഷം ശരിയായി പ്രവചിക്കുന്നയാൾക്ക് 10,001 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയെ പ്രഖ്യാപിച്ച് സമ്മാനം നൽകുമെന്നാണ് അറിയിച്ചിരുന്നത്. മെയ് മൂന്നായിരുന്നു പ്രവചനത്തിനുള്ള അവസാന തീയതി. ഈ സാഹചര്യത്തിലാണ് ആകാശിനെതിരെ കേസെടുത്തത്.
Content Highlights: Pravasi Congress has announced a ₹20,001 reward for accurately predicting the majority of KP Anil Kumar