മലയാളികളുടെ നിത്യ പ്രണയഗാനത്തിലെ മധുര ശബ്ദം; ആശാ ഭോസ്‌ലെ കേരളത്തിൻ്റെയും പ്രിയഗായിക

ഭാഷയുടെ പരിമിതികളൊന്നുമില്ലാതെ മലയാളിത്തമുള്ള ശബ്ദത്തോടെയുള്ള ആശയുടെ ഈ ഗാനം കേള്‍ക്കാന്‍ ഇന്നും സംഗീത പ്രേമികള്‍ കാതോര്‍ത്തിരിക്കാറുണ്ട്

മലയാളികളുടെ നിത്യ പ്രണയഗാനത്തിലെ മധുര ശബ്ദം; ആശാ ഭോസ്‌ലെ കേരളത്തിൻ്റെയും പ്രിയഗായിക
dot image

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ അതുല്യ ഗായിക ആശാ ഭോസ്‌ലെ വിട പറഞ്ഞു. 12000ത്തിലധികം ഗാനങ്ങള്‍ ആലപിച്ച ആശാ ഭോസ്‌ലെ മലയാളത്തിലും സംഭാവന ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറും ജയഭാരതിയും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ 'സുജാത' എന്ന ചിത്രത്തിലാണ് ആശാ ഭോസ്‌ലെ പാടിയത്. 1977ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ പ്രശസ്തമായ 'സ്വയംവര ശുഭദിന മംഗളങ്ങള്‍' എന്ന ഗാനം ആശാ ഭോസ്‌ലെയുടെ ശബ്ദത്തില്‍ അതിമനോഹരമായി.

ഭാഷയുടെ പരിമിതികളൊന്നുമില്ലാതെ മലയാളിത്തമുള്ള ശബ്ദത്തോടെയുള്ള ആശയുടെ ഈ ഗാനം കേള്‍ക്കാന്‍ ഇന്നും സംഗീത പ്രേമികള്‍ കാതോര്‍ത്തിരിക്കാറുണ്ട്. പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിനാണ് 'സ്വയംവര ശുഭദിന മംഗളങ്ങള്‍' എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് വരികള്‍ കുറിച്ചത്. ഡിജിറ്റല്‍ യുഗത്തിലും ഇന്നും ഈ മനോഹര പ്രണയഗാനം കേള്‍ക്കാന്‍ പുതിയ തലമുറയും എത്താറുണ്ട്.

ഇന്ന് രാവിലെയായിരുന്നു ആശാ ഭോസ്‌ലെ അന്തരിച്ചത്. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.

ഒ പി നയ്യാറിന്റെ സംഗീതസംവിധാനത്തില്‍ 1956-ല്‍ 'സി ഐ ഡി' എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ 'തീസിരി മന്‍സില്‍' എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആര്‍ ഡി ബര്‍മനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ 'രംഗീല' എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്.

തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: veteran singer Asha Bhosle also singing for Malayalam

dot image
To advertise here,contact us
dot image