കാസർകോട് ഉൾപ്പെടെ നാല് സീറ്റിൽ വിജയിക്കും; എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം കൂടുമെന്നും ബിജെപി വിലയിരുത്തൽ

കാട്ടാക്കടയിലും വട്ടിയൂർക്കാവിലും തിരുവല്ലയിലും കനത്ത പോരാട്ടം നടന്നുവെന്നും ബിജെപി നേതൃത്വം വിലയിരുത്തി

കാസർകോട് ഉൾപ്പെടെ നാല് സീറ്റിൽ വിജയിക്കും; എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം കൂടുമെന്നും ബിജെപി വിലയിരുത്തൽ
dot image

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ വിജയിക്കുമെന്ന വിലയിരുത്തലിൽ എൻ‍ഡിഎ. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ പ്രാഥമിക വിലയിരുത്തലിലാണ് നാല് സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്ന നി​ഗമനത്തിലെത്തിയത്. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. ഷാനവാസ് പാദൂർ മത്സരരം​ഗത്ത് ഇറങ്ങിയത് കാ‍സർകോട് വിജയസാധ്യത വർദ്ധിപ്പിച്ചു എന്നാണ് വിലയിരുത്തൽ. ഷാനവാസ് പാദൂർ മത്സരിച്ചത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാൻ ഇടയായെന്നും ഇത് എം എൽ അശ്വിനിയുടെ വിജയത്തിന് സഹായകമാകുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന കഴക്കൂട്ടത്തും, ചാത്തന്നൂരും, തൃശ്ശൂരിലും വിജയിക്കാൻ സാധ്യത കൂടുതലാണെന്നും കാട്ടാക്കടയിലും വട്ടിയൂർക്കാവിലും തിരുവല്ലയിലും കനത്ത പോരാട്ടം നടന്നുവെന്നും ബിജെപി നേതൃത്വം വിലയിരുത്തി. ഇത്തവണ സംസ്ഥാനത്ത് എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നും ബിജെപി നേതൃത്വം കണക്കാക്കുന്നുണ്ട്.

ഇതിനിടെ സഭാ നേതൃത്വങ്ങൾക്കെതിരെ പി സി ജോർജ്ജിൻ്റെയും ഷോൺ ജോർജ്ജിൻ്റെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. ഇരുവരുടെയും പ്രസ്താവനയിൽ ന്യൂനപക്ഷ മോർച്ചയ്ക്കും അതൃപ്തിയുണ്ട്. അനവസരത്തിലുള്ള പ്രസ്താവനയാണ് പി സി ജോർജ്ജും ഷോൺ ജോർജ്ജും നടത്തിയതെന്നാണ് പൊതുവെ ഉണ്ടായ വിലയിരുത്തൽ. ഇരുവരുടെയും പ്രസ്താവന വിവിധ സഭകളുമായുള്ള ബിജെപിയുടെ ബന്ധത്തെ ബാധിക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.

ദീപിക പത്രത്തിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസമാണ് പി സി ജോർജും മകൻ ഷോൺ ജോർജും രംഗത്തെത്തിയത്. ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമായിരുന്നു നേരത്തെ ഷോൺ ജോർജിൻ്റെ പ്രതികരണം. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണെന്നും സഭാ പിതാക്കന്മാരോട് താൻ പരാതി അറിയിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് പി സി ജോർജും രം​ഗത്തെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്ന് പി സി ജോർജ് പറഞ്ഞിരുന്നു.

ബിജെപി നേതാവ് പി സി ജോർജിന് മറുപടിയുമായി ദീപിക ദിനപത്രവും രം​ഗത്ത് വന്നിട്ടുണ്ട്. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തിൽ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നുമാണ് ദീപിക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: BJP's internal assessment claims it will secure victory in four assembly seats in Kerala, including Kasaragod. The party also expects a rise in the number of A-class constituencies where it performs strongly. Latest updates on Kerala Assembly Elections 2026.

dot image
To advertise here,contact us
dot image