

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള 23000 ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടന്ന് പരാതി. ജീവനക്കാരെ സമ്മർദ്ദത്തിലാക്കി വോട്ട് അവകാശം നിഷേധിച്ചുവെന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് വോട്ട് ചെയ്യാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നും സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു. കമ്മീഷന്റെ വീഴ്ചകൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമമെന്നും പോസ്റ്റൽ ബാലറ്റ് നിജസ്ഥിതി പുറത്ത് വിടാൻ അധികാരികൾ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്നും സംഘടനകൾ ചൂണ്ടിക്കാണിച്ചു.
എല്ലാവർക്കും ബാലറ്റ് നൽകുമെന്നും വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്. പരിശീലന കാലയളവിൽ ഉൾപ്പെടെ പോസ്റ്റൽ ബാലറ്റ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം നൽകിയിരുന്നതാണ്. തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നവർക്ക് പോലും ബാലറ്റ് ലഭിച്ചിരുന്നില്ല.
പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എത്രത്തോളം പോസ്റ്റൽ വോട്ടുകൾ അനുവദിച്ചിട്ടുണ്ട് എന്നതിൽ കമ്മീഷൻ ഹൈക്കോടതിയിൽ ഇന്ന് വിശദീകരണം നൽകിയേക്കും.
സിപിഐഎമ്മും വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാകില്ല എന്നാണ് എം വി ജയരാജൻ പറഞ്ഞത്. സിപിഐഎം കണക്ക് പ്രകാരം ഏകദേശം 35000ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല എന്നാണ് കണ്ടെത്തൽ. അതിനാൽ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ് എന്നും ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ വരും ദിവസങ്ങളിൽ വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് സിപിഐഎം നിലപാട്.
Content Highlights: Around 23,000 officials assigned election duties in Kerala have reportedly lost their opportunity to vote in the state assembly elections.Service organizations allege that employees were pressured and denied their voting rights.