ജോലിയിൽ ഉഴപ്പുന്നവരെ പൂട്ടാൻ ഡൽഹി സർക്കാർ; എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് സിസ്റ്റം സജ്ജമാക്കും

നിലവില്‍ സെക്രട്ടറി തലത്തിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ വരെയാണ് ബയോമെട്രിക് നിര്‍ബന്ധമാക്കിയിട്ടുള്ളത്

ജോലിയിൽ ഉഴപ്പുന്നവരെ പൂട്ടാൻ ഡൽഹി സർക്കാർ; എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് സിസ്റ്റം സജ്ജമാക്കും
dot image

ന്യൂഡല്‍ഹി: ജോലിയില്‍ ഉഴപ്പുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെ 9.30ന് ജോലിയില്‍ പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് അന്റന്‍ഡന്‍സ് സിസ്റ്റം സജ്ജമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ഇനി മുതല്‍ ബയോമെട്രിക് അന്റന്‍ഡന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ സെക്രട്ടറി തലത്തിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ വരെയാണ് ബയോമെട്രിക് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖ ഗുപ്ത സംസ്ഥാന ജിഎസ്ടി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം വന്നിരിക്കുന്നത്. രേഖ ഗുപ്ത ജിഎസ്ടി ഓഫീസ് സന്ദര്‍ശിച്ച വേളയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല. ജോലിയില്‍ ഇല്ലാതിരുന്ന എല്ലാവര്‍ക്കും ഉടനടി കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഈ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ഹാജര്‍നില ഹാജരാക്കാനും രേഖ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.

വൈകിയെത്തിയവര്‍, ഹാജര്‍ രേഖപ്പെടുത്താത്തവര്‍, നേരത്തെ പോകുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ഹാജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (ജിഎഡി) ദിവസേനയുള്ള ഹാജര്‍ റിപ്പോര്‍ട്ട് എല്ലാ ദിവസവും 12 മണിക്ക് മുമ്പായി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇത്തരം കാര്യക്ഷമത ഇല്ലാത്ത പ്രവര്‍ത്തികള്‍ തന്റെ സര്‍ക്കാര്‍ അനുവദിച്ച് തരില്ലെന്ന് രേഖ ഗുപ്ത പറഞ്ഞു. 'പൊതുകാര്യങ്ങള്‍ വൈകാന്‍ ഔദ്യോഗിക യോഗങ്ങള്‍ ഒരു ഒഴിവുകഴിവായി മാറരുത്. ജൂനിയര്‍ സ്റ്റാഫുകള്‍ക്ക് മാത്രമല്ല അച്ചടക്കം വേണ്ടത്. കമ്മീഷണര്‍മാരും സ്‌പെഷ്യല്‍ കമ്മീഷണര്‍മാരും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അച്ചടക്കം ആവശ്യമാണ്', രേഖ ഗുപ്ത പറഞ്ഞു.

Content Highlights: Delhi government directed its departments to install biometric attendance systems to ensure that all employees report to work every day at 9.30 am

dot image
To advertise here,contact us
dot image