

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.
സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
Content Highlights: Sexual assualt case against Director Ranjith court will consider bail application