

കൊച്ചി: കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്ത് നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം വികസനം ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉയർന്ന് വന്നിരുന്നു. എന്നാൽ ഇത്തവണ കേരള നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വികസനം ആ നിലയിൽ സമഗ്രമായ ചർച്ചയായി ഉയർന്ന് വന്നിരുന്നില്ല. വികസനത്തിന് പകരം ഉപരിപ്ലവമായ വിഷയങ്ങളിൽ ചുറ്റിപറ്റിയാണ് കേരളത്തിൽ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടന്ന വാക്പോരാട്ടം കേരളത്തിൻ്റെ മികവുമായി ബന്ധപ്പെട്ട ചർച്ചകളെ തെരഞ്ഞെടുപ്പ് രംഗത്ത് അവസാന ഘട്ടങ്ങളിൽ സജീവമാക്കിയിട്ടുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സൂചികകളിലും കേരളം കൈവരിച്ച നേട്ടങ്ങൾ കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക ഡാറ്റകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ ചർച്ചയിലേയ്ക്ക് വരുന്നത്. ഒരു വികസിത സമൂഹം എന്ന നിലയിൽ കേരളം കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് കൈവരിച്ച മികവ് കൂടിയാണ് ഇത്തരം ഔദ്യോഗിക വിവരങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികവാർന്ന വികസന സൂചകങ്ങളാണ് ഇക്കാലയളവിൽ കേരളത്തിൻ്റേതായി ഔദ്യോഗിക രേഖകളിൽ ഇടംപിടിച്ചിരിക്കുന്നത്.
നീതി ആയോഗിൻ്റെ അടക്കം ഡാറ്റകൾ പരിശോധിച്ചാൽ കഴിഞ്ഞ കാലങ്ങളിൽ വിവിധ സൂചകങ്ങളിൽ കേരളം ഉണ്ടാക്കിയ മുന്നേറ്റം വ്യക്തമാണ്. ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള നിരവധി സൂചകങ്ങളിൽ കേരളത്തിൻ്റെ മികവ് ഏറ്റവും മുൻനിരയിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക സൂചകങ്ങളിൽ കേരളം ഉണ്ടാക്കിയ മുന്നേറ്റം ശ്രദ്ധേയമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക സൂചകങ്ങൾ വ്യക്തമാക്കുന്നത്. 'പെർ ക്യാപിറ്റ നെറ്റ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്റ്റ്' കണക്കാക്കിയാൽ 23 സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്താണ് കേരളം. (ഒരു സംസ്ഥാനത്ത് ഒരു വർഷം ഉണ്ടാക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യത്തിൽ നിന്ന് ഡ്രെപ്രിസിയേഷൻ കുറച്ച ശേഷം, അത് സംസ്ഥാനത്തിലെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ ലഭിക്കുന്ന തുകയാണ് പെർ ക്യാപിറ്റ നെറ്റ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്റ്റ്)
കേരളത്തിലെ ഗ്രാമീണ ജനവിഭാഗങ്ങളുടെ സാമ്പത്തിക വിനിമയ ശേഷി വർദ്ധിക്കുന്നതായും ഏറ്റവും പുതിയ ഡാറ്റകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ശരാശരി ദിവസ വേതന നിരക്ക് 868 രൂപയാണ്. ഇത് രാജ്യത്ത എല്ലാ സംസ്ഥാനങ്ങളുടെയും നിരക്കുമായി താരതമ്യം ചെയ്താല്‍ ഏറ്റവും ഉയർന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ കണക്കാക്കുന്ന മാനവ വികസന സൂചികയുടെ (HDI) കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്.
വിവിധ ആരോഗ്യ സൂചകങ്ങളിലും കേരളം വലിയ മുന്നേറ്റം നടത്തിയതായാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഡാറ്റകൾ വ്യക്തമാക്കുന്നത്. 2021-22 ലെ ദേശീയ കുടുംബാരോഗ്യ സർവേയിലെ ഡാറ്റ പ്രകാരം, കേരളത്തിൽ ശിശുമരണ നിരക്ക് 4.4 ആണ്. ഇത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരിയായ 35.2 കേരളത്തിൻ്റേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാണ്ട് 8 ഇരട്ടിയോളം അധികമാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ മാതൃമരണ അനുപാതവും കേരളത്തിലാണ്.
15-19 വയസ്സിനിടയിൽ അമ്മയാകുന്നവരുടെ എണ്ണവും കേരളത്തിൽ കുറവാണ്. ദേശീയ കുടുംബാരോഗ്യ സർവേയിൽ പങ്കെടുത്ത കേരളത്തിലെ സ്ത്രീകളിൽ ഏകദേശം 93% പേർക്കും ആർത്തവ സംരക്ഷണത്തിനുള്ള ശുചിത്വപരമായ മാർഗ്ഗങ്ങൾ ലഭ്യമാണ്. 0-5 വയസ്സ് പ്രായമുള്ള വളർച്ച മുരടിച്ച കുട്ടികളുടെ കണക്ക് പരിശോധിച്ചാൽ ആ നിരക്കും കേരളത്തിൽ കുറവാണ്. ഇക്കാര്യത്തിൽ സിക്കിമിന് തൊട്ട് പുറകിൽ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിലെ ശിശു ജനസംഖ്യയുടെ ഏകദേശം 78% പേർക്കാണ് എല്ലാ അടിസ്ഥാന വാക്സിനേഷനുകളും ലഭിച്ചിട്ടുള്ളത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 29 സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പട്ടികയിൽ കേരളം 12-ാം സ്ഥാനത്താണ്.
വിദ്യാഭ്യാസ സംബന്ധിയായ സൂചകങ്ങളുടെ കാര്യത്തിലും കേരളം മുൻപന്തിയിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൽ ക്രമീകരിച്ച നെറ്റ് എൻറോൾമെന്റ് നിരക്കിൽ (ANER) ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിൽ 100 ശതമാനം നേടി ഒന്നാം സ്ഥാനത്താണ് കേരളം.
അതുപോലെ തന്നെ ഹയർ സെക്കൻഡറി മേഖലയിലെ കേരളത്തിലെ മൊത്ത പ്രവേശന അനുപാതം അഖിലേന്ത്യാ ശരാശരിയായ 57.6% നേക്കാൾ കൂടുതലാണ്. ഈ സൂചകത്തിൽ വരുന്ന ആദ്യ മികച്ച മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 1.44 എന്ന അനുപാതത്തോടെ, വിദ്യാഭ്യാസത്തിലെ ലിംഗ തുല്യതാ സൂചികയിൽ (GPI) 29 സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഒന്നാം സ്ഥാനത്താണ്.
അടിസ്ഥാന സൗകര്യ സൂചകങ്ങളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നാണ് ഔദ്യോഗിക ഡാറ്റകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ മൺവീടുകളിൽ താമസിക്കുന്ന നഗരവാസികളുടെ വിഹിതം പൂജ്യമാണെന്നാണ് ഡാറ്റകൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് ദേശീയ ശരാശരിയായ 0.9% നേക്കാൾ കുറവാണ്. ഗ്രാമപ്രദേശങ്ങളിലെ ഇന്റർനെറ്റ് ടെലിഡെൻസിറ്റിയുടെ കാര്യത്തിൽ 28 സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം.
Content Highlights: Kerala continues to lead India in key human development indicators including health (low IMR, high life expectancy), education (high literacy & GER), and overall HDI despite ongoing political controversies. Discover why the Kerala Model remains strong in 2026.