

പാലക്കാട്: പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ കഴിയുമെന്നും വോട്ടിന് നോട്ട് എന്ന ബിജെപിയുടെ ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടറെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തവരോട് കരണം അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ശോഭാ സുരേന്ദ്രൻ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സിപിഐഎമ്മും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്. ആശയപരമായ നിലപാട് കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തിരഞ്ഞെടുക്കാന്‍ സിപിഐഎമ്മിനെയും ബിജെപിയേയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നല്‍കിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Content Highlight : Congress leader Sunny Joseph has demanded strict action over the alleged incident in Palakkad where BJP workers were reportedly distributing money to voters in the presence of NDA candidate Shobha Surendran.