മനുഷ്യനോ മൃഗമോ?; അല്ലുവും അറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രം 'രാക്ക'യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം വന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്നത്

മനുഷ്യനോ മൃഗമോ?; അല്ലുവും അറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രം 'രാക്ക'യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്
dot image

ആരാധകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍-അറ്റ്‌ലി ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ അല്ലു അര്‍ജുന്റെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടു. മുട്ടത്തലയും ദേഹമാസകലം രോമവും കൂര്‍ത്ത നഖങ്ങളും കത്തിമൂര്‍ച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിക്കൊണ്ട് എത്തുന്ന ചിത്രത്തിന് 'രാക്ക' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 'പുഷ്പ'യ്ക്ക് ശേഷമുള്ള അല്ലുവിന്റെ ഈ വമ്പന്‍ സിനിമാ പ്രപഞ്ചവും മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ളൊരു രൂപമായിരിക്കുമെന്നും ഏവരേയും ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് പോസ്റ്റര്‍ സൂചന നല്‍കിയിരിക്കുന്നത്.

സണ്‍ പിക്ചേഴ്സ് വന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഒരു ബ്രഹ്‌മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ വിശദീകരണങ്ങളില്ലാതെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം തന്നെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ആകാംക്ഷയും ഭാവനയും ഉണര്‍ത്താനാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സണ്‍ പിക്ചേഴ്സ്, ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍, ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലി എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സഹകരണങ്ങളിലൊന്നാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇത് വെറുമൊരു സിനിമയല്ല, മറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിനിമാ ലോകത്തിന്റെ തുടക്കമാണ് എന്നാണ് കണക്കുകൂട്ടല്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷന്‍ എന്റര്‍ടൈനറുകളില്‍ ഒന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ വന്‍ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാന്‍' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതല്‍ക്കേ ഈ പ്രോജക്റ്റ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കും ജവാന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‌ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്‌ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളില്‍ വ്യത്യസ്തമായെത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്ലു അര്‍ജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാന്‍-ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: The official poster of Allu and Atlee's film 'Raaka' is out

dot image
To advertise here,contact us
dot image