'സിപിഐഎമ്മിൽ നിശ്ചയിക്കപ്പെട്ടവർ മാത്രമാണ് മുഴുവന്‍ സമയപ്രവര്‍ത്തകര്‍; അവര്‍ക്ക് പാര്‍ട്ടി അലവന്‍സ് നല്‍കും'

എന്ത് ജോലി ചെയ്താണ് ജീവിക്കുന്നതെന്ന് സ്വരാജിനോട് ചോദിച്ചാല്‍ മറുപടിയുണ്ടോ എന്നാണ് മാത്യു കുഴൽനാടൻ ചോദിച്ചത്

'സിപിഐഎമ്മിൽ നിശ്ചയിക്കപ്പെട്ടവർ മാത്രമാണ് മുഴുവന്‍ സമയപ്രവര്‍ത്തകര്‍; അവര്‍ക്ക് പാര്‍ട്ടി അലവന്‍സ് നല്‍കും'
dot image

കൊച്ചി: എന്ത് ജോലി ചെയതാണ് ജീവിക്കുന്നത് എന്ന മാത്യു കുഴൽനാടന്റെ വിമർശനത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എം സ്വരാജ്. തന്റെ ഉപജീവനമാർഗത്തെക്കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല എന്നും രാഷ്ട്രീയ വിമർശനത്തെ വഴിതിരിച്ച് വ്യക്തിപരമായി എടുക്കുകയാണ് മാത്യു കുഴൽനാടൻ എന്നും എം സ്വരാജ് മറുപടി നൽകി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങളാണ് മാത്യു കുഴൽനാടൻ ചോദിക്കുന്നത് എന്നും സ്വരാജ് റിപ്പോർട്ടറിനോട് പറഞ്ഞു. സ്വരാജിനോട് എന്ത് ജോലി ചെയ്തിട്ടാണ് ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ മറുപടിയുണ്ടോ എന്നാണ് അല്പസമയം മുൻപ് മാത്യു കുഴൽനാടൻ ചോദിച്ചത്.

വിമർശനത്തിന് മാത്യുവിന്റെ ഭാഷയിൽ മറുപടി പറയാനില്ല എന്നും സ്വരാജ് പറഞ്ഞു. മാത്യു കുഴൽനാടൻ കാണിച്ചത് തരംതാഴ്ന്ന രാഷ്ട്രീയ കൗശലമാണ്. പറഞ്ഞ കാര്യങ്ങൾക്കല്ല അദ്ദേഹം മറുപടി നൽകിയത്. അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗത്തെക്കുറിച്ച് ആര് ചോദിച്ചു? സിപിഐഎമ്മിൽ നിശ്ചയിക്കപ്പെട്ടവർ മാത്രമാണ് മുഴുവൻ സമയപ്രവർത്തകരായി ഉണ്ടാവുക. അവർക്ക് പാർട്ടി അലവൻസ് നൽകും. മാത്യു കുഴൽനാടൻ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്നും സ്വരാജ് പറഞ്ഞു.

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ കുറ്റകൃത്യമാണ് മാത്യു കുഴൽനാടൻ ചെയ്തത് എന്നും എം സ്വരാജ് പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് പതിവ് രീതിയിൽ പുകമറ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നേരിട്ടുള്ള ചോദ്യങ്ങൾക്ക് വളഞ്ഞ വഴി പോയി മറുപടി പറയുകയാണ് കുഴൽനാടൻ എന്നും സ്വരാജ് പറഞ്ഞു.

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടിന് പണം നൽകിയ വിവാദത്തിലും സ്വരാജ് പ്രതികരിച്ചു. പണവും മദ്യവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. പൗരന്മാർ വോട്ട് ചെയ്യേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ നയപരിപാടികൾ മനസ്സിലാക്കിയാണ്. പാരിതോഷികങ്ങൾ കൊടുത്ത് ജനാധിപത്യത്തെ വിലക്കെടുക്കാനുള്ള നീക്കമാണ് പാലക്കാട്ടെ വാർത്ത. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ നിർഭയമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്താൻ തയ്യാറാകണമെന്നും സ്വരാജ് പറഞ്ഞു.

എല്ലാ കാര്യങ്ങള്‍ക്കും കോടതിയെ സമീപിക്കുന്ന മാത്യു കുഴല്‍നാടന്‍ തോട്ടപ്പള്ളി സ്പിൽവേ ആരോപണത്തിൽ എന്തുകൊണ്ട് കോടതിയില്‍ പോകുന്നില്ല എന്ന് എം സ്വരാജ് നേരത്തെ ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകവെയായിരുന്നു സ്വരാജിന് എന്താണ് ജോലി എന്ന് മാത്യു കുഴൽനാടൻ ചോദിച്ചത്. തന്റെ വരുമാനത്തിന്റെ ഭാഗമായാണ് കോടതിയില്‍ പോകുന്നത്. രാഷ്ട്രീയത്തില്‍ നിന്നല്ല തന്റെ വരുമാനം. സ്വരാജിനോട് എന്ത് ജോലി ചെയ്തിട്ടാണ് ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ മറുപടിയുണ്ടോ എന്നാണ് കുഴൽനാടൻ ചോദിച്ചത്.

Content Highlights: M Swaraj hits back at Mathew Kuzhalnadan over livelihood remarks, accusing him of turning political criticism into personal attacks in Kerala politics.

dot image
To advertise here,contact us
dot image