

കൊച്ചി: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയുടേത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും കിറ്റുകളും സാരിയും വിതരണം ചെയ്യുന്നുവെന്നും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തില്‍ തന്നെ പണം വിതരണം ചെയ്യുന്നുവെന്നും കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
'സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയാണ് ഇതിനായി ബിജെപി ചെലവഴിക്കുന്നത്. മറ്റ് പാര്‍ട്ടിക്കാര്‍ എല്ലാം കലാശക്കൊട്ടില്‍ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവര്‍ത്തകര്‍ വീടുകയറി സാരി നല്‍കിയത്. പാലക്കാട് പണം കൈമാറുന്നതിന് കൃത്യമായ തെളിവുണ്ട്', വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടൂരിലെ സ്ഥാനാര്‍ത്ഥി ഒരു കൊലക്കേസിലും പ്രതിയല്ലെന്നും പറവൂരില്‍ തനിക്കെതിരെ നോട്ടീസ് വിതരണം ചെയ്യുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിലാണ് നോട്ടീസ് പ്രിന്റ് ചെയ്ത് പറവൂരില്‍ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണെന്നും പലയിടത്തും ബാലറ്റ് ക്രമീകരിക്കാനായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉദ്യോഗസ്ഥരോടുള്ള അവകാശനിഷേധമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം യുഡിഎഫ് തോറ്റാല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. താന്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന ആളാണ്. വാക്ക് പറഞ്ഞാല്‍ വാക്കാണെന്നും തോറ്റാല്‍ രാഷ്ട്രീയ വനവാസമെന്നത് തന്റെ തീരുമാനമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലത്തെത്തി. പണം ലഭിച്ച വയോധികയുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. വോട്ടിന് പണം ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം. പാലക്കാട് മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും ബിജെപി പണം വിതരണം ചെയ്യുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. ആലപ്പുഴയില്‍ താന്‍ അനുഭവസ്ഥനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: V D Satheesan on BJP s vote buying incident