'എതിരാളികൾ അടുത്തുവന്നാൽ ബ്ലൗസ് കീറണമെന്ന് ഞാൻ നിർദേശിച്ചു';സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി DCC പ്രസിഡന്റ്

ആദിവാസി സ്ത്രീ ആയതിനാല്‍ വകുപ്പ് ഏതായിരിക്കുമെന്ന് തനിക്കറിയാമെന്നും സി പി മാത്യു പറഞ്ഞു

'എതിരാളികൾ അടുത്തുവന്നാൽ ബ്ലൗസ് കീറണമെന്ന് ഞാൻ നിർദേശിച്ചു';സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി DCC പ്രസിഡന്റ്
dot image

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. എതിരാളികള്‍ അടുത്തുവന്നാല്‍ ബ്ലൗസ് കീറണമെന്ന് താന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുളള വനിതാ നേതാവിനോട് പറഞ്ഞുവെന്നാണ് സി പി മാത്യു പ്രസംഗത്തിനിടെ പറഞ്ഞത്. ആദിവാസി സ്ത്രീ ആയതിനാല്‍ വകുപ്പ് ഏതായിരിക്കുമെന്ന് തനിക്കറിയാമെന്നും സി പി മാത്യു പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കടുത്ത വിമര്‍ശനങ്ങളാണ് സി പി മാത്യുവിന്റെ പ്രസംഗത്തിനെതിരെ ഉയരുന്നത്.

കഞ്ഞിക്കുഴി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരിക്ക് അത്തരമൊരു നിര്‍ദേശം നല്‍കിയെന്നാണ് സി പി മാത്യു പറയുന്നത്. തങ്ങള്‍ക്കെതിരെ ആരെങ്കിലും അടുക്കുകയാണെങ്കില്‍ ബ്ലൗസ് വലിച്ചുകീറാന്‍ രാജേശ്വരിക്ക് നിര്‍ദേശം നല്‍കിയെന്നും ആദിവാസി സ്ത്രീ ആയതുകൊണ്ട് തന്നെ പിന്നീട് കേസ് ഏത് രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് അതെന്നും സി പി മാത്യു പ്രസംഗത്തില്‍ പറയുന്നുണ്ട്. യുഡിഎഫ് ഇടുക്കി മണ്ഡലം സ്ഥാനാര്‍ത്ഥി റോയ് കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു വിവാദ പ്രസംഗം.

പ്രസംഗത്തില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസിനെതിരെയും സി പി മാത്യു അധിക്ഷേപ പരാമര്‍ശം നടത്തി. ലിസി ജോസ് സായിപ്പിന്റെ മോളാണെന്നും വിശുദ്ധ താരമെന്നുമാണ് സി പി മാത്യു പറഞ്ഞത്. അമ്പത് കാപ്പിപ്പത്തലുമായി ചെറുപ്പക്കാരെ തയ്യാറാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടുവെന്നും പ്രസംഗത്തിനിടെ ഇയാള്‍ പറയുന്നുണ്ട്.

സ്ഥാനാര്‍ത്ഥി റോയ് കെ പൗലോസും കെപിസിസി വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫും കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാനുമെല്ലാം ഈ സമയം വേദിയിലുണ്ടായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നു. നേരത്തെ കുമളിയില്‍ ശശി തരൂര്‍ എംപി പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിക്കിടെ സെല്‍ഫി എടുത്താനെത്തിയ ഭിന്നശേഷിക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ സി പി മാത്യു കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു.

Content Highlights: Idukki dcc president cp mathew controversial speech in election campaign

dot image
To advertise here,contact us
dot image