ഹൈദരാബാദിനെ രക്ഷിച്ച് ക്ലാസനും നിതീഷും; ലഖ്നൗവിന് മുന്നില്‍ 157 റൺസ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് ഞെട്ടിക്കുന്ന തുടക്കമാണ് മുഹമ്മദ് ഷമി നൽകിയത്

ഹൈദരാബാദിനെ രക്ഷിച്ച് ക്ലാസനും നിതീഷും; ലഖ്നൗവിന് മുന്നില്‍ 157 റൺസ് വിജയലക്ഷ്യം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മുന്നില്‍ 157 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചെടുത്തു. ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയും അര്‍ധ സെഞ്ച്വറി നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് ഞെട്ടിക്കുന്ന തുടക്കമാണ് ലഖ്നൗ പേസർ മുഹമ്മദ് ഷമി നൽകിയത്.ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേകിനെ പൂജ്യനായി മടക്കിയ ഷമി തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡിനെ കൂടി പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തി. എട്ടാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞു.

പിന്നാലെ അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്നാണ് ഹൈദരാബാദിനെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും 62 പന്തില്‍ 116 റണ്‍സിന്‍റെ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 40 പന്തില്‍ 62 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്‍റെ ടോപ് സ്കോററായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 33 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി.

അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ ട്രാവിസ് ഹെഡ് ഏഴും ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. ലഖ്നൗവിന് വേണ്ടി മുഹമ്മദ് ഷമിയും ആവേശ് ഖാനും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: IPL 2026, SRH vs LSG: Heinrich Klaasen, Nitish Kumar Reddy rescue Hyderabad after collapse, set 157-run target

dot image
To advertise here,contact us
dot image