എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി CPIM

അസഭ്യ കമന്റ് ഇട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതി നൽകിയത്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി CPIM
dot image

പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി സിപിഐഎം. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് സിപിഐഎം പരാതി നല്‍കിയത്. അസഭ്യ കമന്റ് ഇട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹീനമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. നിരന്തരം മോശം കമന്റുകളാണ് വരുന്നത്.

വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് കമന്റുകള്‍. എല്ലാത്തിനും ഒരു പരിധിയുണ്ട്. എല്ലാ പരിധിയും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഒരു സ്ത്രീക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടാകരുത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിക്കട്ടെ. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ താന്‍ ഒന്നും പറയില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

സൈബര്‍ ആക്രമണം ആര് നടത്തിയാലും അത് പ്രാകൃതമാണെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി പറഞ്ഞു. തനിക്കെതിരെയുള്ള കമന്റുകള്‍ കാണിക്കാന്‍ പോലും കഴിയില്ല. വീണാ ജോര്‍ജിന് എതിരെയുള്ള സൈബര്‍ ആക്രമണത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ല.
തങ്ങള്‍ ആരോടും സൈബര്‍ ആക്രമണം നടത്താന്‍ പറഞ്ഞിട്ടില്ല. യുഡിഎഫിന് സൈബര്‍ ആക്രമണത്തിന്റെ ആവശ്യമില്ല. സൈബര്‍ ആക്രമണം നടത്തി ഭരണ പരാജയം ജനങ്ങളിലേക്ക് എത്തിക്കേണ്ട കാര്യമില്ല. ഇടതുമുന്നണി പരാജയം മറച്ചുവെക്കുന്നതിനാണ് സൈബര്‍ ആക്രമണം എന്ന് പറയുന്നത്. തലയും വാലുമില്ലാത്ത വ്യാജ പ്രൊഫൈലുകളിലെ കമന്റുകള്‍ കണ്ടല്ല ജനം വോട്ട് ചെയ്യുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

ആറന്മുളയിലെ എല്‍ഡിഎഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് അശ്ലീല കമന്റുകള്‍ നിറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പോസ്റ്റുകള്‍ക്ക് താഴെയും മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീണാ ജോര്‍ജിനെ ലക്ഷ്യംവെച്ചാണ് അധികവും കമന്റുകള്‍. വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlights- CPIM has lodged a complaint with the Chief Electoral Officer alleging a cyber attack against LDF candidate Veena George.

dot image
To advertise here,contact us
dot image