

തിരുവനന്തപുരം: കേരളവുമായി തനിക്കുളളത് ഹൃദയ ബന്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. മഹാത്മാ ഗാന്ധിയെ ഏറ്റവും സ്വാധീനിച്ച സംസ്ഥാനമാണ് കേരളമെന്നും കേരളത്തില്‍ പുതിയ ഭരണസംവിധാനം വേണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്കെതിരെ പോരാടുന്നുവെന്ന് പറയുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്ന് പറഞ്ഞ പ്രിയങ്കാ, പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസുകള്‍ വരാത്തതെന്നും ചോദിച്ചു. കൊല്ലത്ത് നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
'മുഖ്യമന്ത്രി ബിജെപിയോടൊപ്പം പങ്കുചേര്‍ന്നിരിക്കുന്നു. എല്‍ഡിഎഫും ബിജെപിയും അഴിമതിക്കാരാണ്. പ്രധാനമന്ത്രിയോടൊപ്പം പിണറായി ഡീലുകള്‍ ഉണ്ടാക്കുകയാണ്. കണ്ണുതുറന്ന് കാണൂ, കേരളത്തില്‍ പുതിയൊരു ഭരണസംവിധാനം വേണം. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വിഭവ ശേഷിയുളള സംസ്ഥാനമാണ് കേരളം. മാറ്റം കൊണ്ടുവരാനുളള അവസരം നിങ്ങളുടെ കയ്യിലാണ്. നമ്മളെ സംരക്ഷിക്കേണ്ട ആളുകളുടെ മോഹം അധികാരം മാത്രമാണ്. മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. മോദി ട്രംപുമായി പല ഡീലുകളും ഉണ്ടാക്കി. ട്രംപിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ് അദ്ദേഹം'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യം ആശങ്കയിലാണെന്നും നരേന്ദ്രമോദി അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നില്‍ തലകുനിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഭരണത്തലവന്മാര്‍ ജനങ്ങളോടുളള ഉത്തരവാദിത്തം മറന്നിരിക്കുന്നുവെന്നും അധികാരവും സ്വന്തം സുരക്ഷയും മാത്രമാണ് അവരുടെ പ്രചോദനമെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ആക്രമണം നടക്കുകയാണെന്നും കേരളത്തില്‍ നിന്നുളളവരും ആക്രമണത്തിന് ഇരകളാവുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അധികാരത്തില്‍ തുടരാന്‍ സിപിഐഎം ബിജെപിയുമായി ഡീലുണ്ടാക്കിയെന്നും പ്രിയങ്ക ആരോപിച്ചു. 'എങ്ങനെയും അധികാരത്തില്‍ തുടരാനാണ് സര്‍ക്കാര്‍ ശ്രമം. സിപിഐഎം അധികാരത്തില്‍ തുടരാനായി ഡീല്‍ ഉണ്ടാക്കി. ഇന്ത്യയിലും കേരളത്തിലും നമ്മളെ ഭരിക്കുന്നവര്‍ ഭീരുക്കളാണ്. നരേന്ദ്രമോദിക്ക് മുന്നില്‍ മുഖ്യമന്ത്രി തലകുനിച്ചു നില്‍ക്കുകയാണ്. മോദി തല കുനിച്ച് നില്‍ക്കുന്നത് ട്രംപിന് മുന്നിലും. സ്വന്തം രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി നിലകൊളളാന്‍ ഇവര്‍ക്ക് ധൈര്യമില്ല. എത്ര എണ്ണ വാങ്ങിക്കണം എന്നതിനടക്കം അമേരിക്ക അനുമതി നല്‍കണം. അദാനി തീരപ്രദേശങ്ങള്‍ കവരുമ്പോള്‍ മുഖ്യമന്ത്രി നിശബ്ദനായി തുടരുകയാണ്. ജനങ്ങളോട് ഒരു സഹാനുഭൂതിയുമില്ലാത്ത നേതാക്കളാണ് ഭരിക്കുന്നത്. സ്ത്രീ സുരക്ഷയോട് സര്‍ക്കാരിന് കരുതലില്ല': പ്രിയങ്കാ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ വിദ്യാഭ്യാസമുളള ജനങ്ങളാണ് കേരളത്തിലുളളതെന്നും ജനാധിപത്യ ഭരണം തിരിച്ചുകൊണ്ടുവരാനുളള അവസരമാണിതെന്നും പ്രിയങ്ക പറഞ്ഞു. ഭാവിക്ക് വേണ്ടി കൃത്യമായ പദ്ധതിയുളളവരെ തെരഞ്ഞെടുക്കാനുളള അവസരമാണെന്നും ഇന്ദിരാ ഗ്യാരണ്ടി വികസനത്തിനുളള വലിയ പദ്ധതിയുടെ ചെറിയ ഭാഗം മാത്രമാണെന്നും അവര്‍ പറഞ്ഞു. ഭാവിക്കും കുടുംബത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കവടിയാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
Content Highlights: 'CPIM and BJP are corrupt, CPIM made a deal with BJP to remain in power': Priyanka Gandhi