

പരിക്കിനെ കുറിച്ചുള്ള ആശങ്കകൾക്കിടെ വീണ്ടും പരിശീലനത്തിനിറങ്ങി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതിഹാസതാരം എംഎസ് ധോണി. കാലിനേറ്റ പരിക്കിനെ തുടർന്ന് ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട തല. പരിക്കിനെ തുടർന്ന് രണ്ടാഴ്ച ഐപിഎൽ മത്സരങ്ങൾ ധോണിക്ക് നഷ്ടമാവുമെന്നും ചെന്നൈ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈ ആരാധകർക്ക് ആശ്വാസമായി പരിശീലനത്തിനിറങ്ങിയിരിക്കുകയാണ് ധോണി.
ചെന്നൈയുടെ മുൻ നായകൻ എംഎസ് ധോണിയുടെ നെറ്റ്സിലെ ബാറ്റിംഗിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ധോണി പരിക്കിന്റെ യാതൊരു പ്രയാസവുമില്ലാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതും കൂറ്റൻ സിക്‌സറുകൾ പറത്തുന്നതും കാണാം.
ഇതോടെ ധോണി കളിക്കളത്തിലേക്ക് നേരത്തെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ധോണിയുടെ അഭാവത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയുള്ള സീസണിലെ ആദ്യ മത്സരം ചെന്നൈ ദയനീയമായി തോറ്റിരുന്നു. ചെപ്പോക്കിലെ മത്സരത്തിന് മുന്നോടിയായി ധോണിയുടെ നെറ്റ്സിലെ പരിശീലനം ആരാധകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
Content Highlights: MS Dhoni's Practice Video Goes Viral ahead of CSK Next match in IPL 2026