

കോഴിക്കോട്: നൂര്‍ബിന റഷീദ് നടത്തിയത് കടുത്ത അച്ചടക്കം ലംഘനമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നൂര്‍ബിനയ്ക്ക് വിശദീകരണ നോട്ടീസ് അയച്ചിട്ടുണ്ടെന്നും തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടാണ് പറഞ്ഞത്. വനിതാ ലീഗിന്റെ പൊതുനിലപാട് ഇതല്ല. അത് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പേരാമ്പ്രയില്‍ എല്‍ഡിഎഫ് നടത്തുന്നത് നെറികെട്ട വര്‍ഗീയ പ്രചാരണമാണെന്നും പിഎംഎ സലാം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെക്കാള്‍ കൂടുതല്‍ വര്‍ഗീയത പറയുന്നത് സിപിഐഎമാണെന്നും വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമായ പ്രചാരണമാണ് നടത്തുന്നതെന്നും പിഎംഎ സലാം തുറന്നടിച്ചു.
വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദ് രാജിവച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂര്‍ബിന ആരോപിച്ചു.
നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല താന്‍ സംസാരിക്കുന്നതെന്നും കെട്ടിപ്പടുത്തുയര്‍ത്തിയ വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കല്ലും മുള്ളും താണ്ടിയാണ് വനിതാ ലീഗിനെ കെട്ടിപ്പടുത്തത്. ഒഴുക്കിനെതിരെ നീന്തിയ മുസ്ലിം വനിതയാണ് താന്‍. പാണക്കാട് തങ്ങള്‍ ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കി. പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനം വ്യാമോഹിച്ചല്ല പാര്‍ട്ടിയിലെത്തിയത്. വ്യക്തിക്ക് വേണ്ടിയല്ല, ആദര്‍ശങ്ങള്‍ക്കും നിലപാടിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Content Highlights: PMA Salam responds to Noorbina Rasheed’s allegations, stating she committed disciplinary violations and breached party norms