

കൊച്ചി: വികസന വിഷയങ്ങളില്‍ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂര്‍ മുന്‍പ് പറഞ്ഞാല്‍ മതി. നിയമസഭയില്‍ സര്‍ക്കാരിന് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും അവസാനം ശബരിമല വിഷയത്തിലാണ് സമരം ചെയ്തത്. ലൈഫ് മിഷനെ കുറിച്ച് യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണ്. 4,43,000 വീടുകള്‍ പണിതതിന്റെ രേഖകള്‍ ഉണ്ട്. വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ വാദികളാണ് എന്ന് പറഞ്ഞവരാണ് സിപിഐഎം. സിപിഐഎം എസ്ഡിപിഐയുടെ പിന്തുണയെ കുറിച്ച് മിണ്ടുന്നില്ല. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് ധൈര്യം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു.
കേരളത്തില്‍ ഏറ്റവും കാപട്യം ഉള്ള നേതാവ് പിണറായി വിജയനാണെന്നും ഒരു വശത്ത് എസ്ഡിപിഐയെയും മറുവശത്ത് ആര്‍എസ്എസിനെയും ഡീല്‍ ചെയ്യുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പറയുന്നതും ചെയ്യുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനമെടുത്ത ആദ്യത്തെ മുന്നണിയാണ് യുഡിഎഫ്. പറഞ്ഞത് നിലപാടാണ്, ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയോട് സംവാദം നടത്താനാവുക എന്നത് ഒരു പ്രിവിലേജ് ആയി കണക്കാക്കുന്നു. മഞ്ചേശ്വരം എന്നല്ല ഒരിടത്തും എസ്ഡിപിഐ വോട്ട് വേണ്ട. മുഖ്യമന്ത്രി പറഞ്ഞത് പോലെ അവരോട് പോയി ചോദിക്കാന്‍ താന്‍ പറയില്ല. ഒരു കൃത്യമായ സ്റ്റാന്‍ഡ് എടുത്തിട്ടുണ്ട്. 2011-ല്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ചവിട്ടി പുറത്താക്കണം എന്ന് പറഞ്ഞത് പിണറായി വിജയനാണ്. ഇന്ന് പ്രശ്‌നമുണ്ടായപ്പോള്‍ അത് കുടുംബ പ്രശ്‌നമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. അന്ന് ഇവരെ കടലില്‍ ഇട്ടാല്‍ കടല്‍ നാറും എന്നാണ് പറഞ്ഞത്, അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ നാറുന്നില്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സംവാദത്തിന് മുഖ്യമന്ത്രിയെ ആദ്യം വെല്ലുവിളിച്ചത്. വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഏറ്റവും വലിയ സംവാദ സ്ഥലം നിയമസഭ ആയിരുന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാറിനെതിരായ വിമർശനങ്ങൾ സഭയില്‍ കൊണ്ടുവരാതിരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു അടിയന്തര പ്രമേയം പോലും സഭയിൽ അവതരിപ്പിച്ചില്ല. അതില്‍ നിന്നെല്ലാം ഒളിച്ചോടുകയാണ് ചെയ്തത്. സഭയില്‍ പറഞ്ഞാല്‍ കൃത്യമായ മറുപടി കൊടുക്കും അത് താങ്ങാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. അതിനാലാണ് ആരോപണങ്ങൾ ഉന്നയിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: VD Satheesan welcomes the pinarayi vijayan's response that there can be a debate on development