

കൊച്ചി: 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം പാടിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദ്യം ശ്രദ്ധിക്കേണ്ടത് സോണിയ ഗാന്ധിയുടെ പേര് എങ്ങനെ സ്വര്‍ണക്കൊള്ളയിലേക്ക് വന്നു എന്നാതാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രീയ നേതാവ് എന്നതില്‍ ഉപരി രാഹുല്‍ ഗാന്ധി സോണിയ ഗാന്ധിയുടെ മകന്‍ കൂടിയാണ്. സോണിയ ഗാന്ധിയുടെ വസതിയിലേക്ക് സ്വര്‍ണംകട്ടയാളും സ്വര്‍ണം വിറ്റയാളും സ്വര്‍ണംവാങ്ങിയ ആളും എങ്ങനെ ഒരേപോലെ എത്തിയെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ആ നിഗൂഢത ഇപ്പോഴും നിലനില്‍ക്കുകയാണ്. പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് ആര് എത്തിച്ചു എന്നതില്‍ രാഹുല്‍ ഗാന്ധി ആദ്യം വ്യക്ത വരുത്തണം. സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ ചില കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നും പി രാജീവ് പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ ഇലക്ഷന്‍ എക്‌സ്പ്രസിലായിരുന്നു പി രാജീവിന്റെ പ്രതികരണം.
ശബരിമല സ്വര്‍ണക്കൊള്ള ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താമെന്ന് കോണ്‍ഗ്രസിന് ഇപ്പോഴും ആത്മവിശ്വാസമുണ്ടെന്നും അയ്യപ്പനെ വിശ്വസിക്കാത്തവര്‍ക്ക് എങ്ങനെ ഭരണംകൊടുക്കുമെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത് എന്നുമുള്ള അവതാരകന്‍ ഡോ. അരുണ്‍ കുമാറിന്റെ ചോദ്യത്തോട്, ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ആദ്യം പറയട്ടെയെന്നായിരുന്നു പി രാജീവിന്റെ മറുപടി. ഏതെങ്കിലും കാര്യങ്ങളില്‍ അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടോ?. രാഹുല്‍ ഗാന്ധിക്ക് നിഷേധിക്കാന്‍ കഴിയാത്ത സന്തത സഹചാരിയുടെ കാലത്താണ് പോറ്റി ശബരിമലയില്‍ കയറിയത്. ശബരിമല സ്വര്‍ണക്കൊള്ളയുടെ യഥാര്‍ത്ഥ വശം ജനങ്ങള്‍ക്കറിയാം. അവര്‍ക്ക് മുന്നില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസിന്റെ കൈവശം ഒന്നുമില്ല. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ ഭരണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറയുമ്പോള്‍ അതിനൊക്കെ അക്കമിട്ട് മറുപടി പറയുന്നുണ്ട്. അതിനെതിരെ സ്വര്‍ണക്കൊള്ളപോലുള്ള വിഷയങ്ങള്‍ ഉയര്‍ത്താനാണ് ശ്രമം. അത് വിലപ്പോകുമെന്ന് കരുതുന്നില്ലെന്നും പി രാജീവ് പറഞ്ഞു.
സിപിഐഎം-ബിജെപി ഡീല്‍ ആരോപണം മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും പി രാജീവ് പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായി വോട്ട് ലഭിക്കും. വോട്ട് മറിക്കാന്‍ തനിക്കെതിരെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നാണ് ആരോപണം. നേരത്തത്തെ സാഹചര്യം പരിശോധിച്ചാലും കളമശ്ശേരിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ തന്നെയാണ് നിര്‍ത്തിയതെന്ന് മനസിലാകും. ഡീല്‍ ആരോപണത്തില്‍ കഴമ്പില്ല, ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നവരാണ് കേരളത്തില്‍ ഭൂരിഭാഗവുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെയായിരുന്നു രാഹുല്‍ ഗാന്ധി 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തിന്റെ വരി പാടിയത്. 'സ്വര്‍ണം കട്ടത് ആരപ്പാ' എന്ന വരിയായിരുന്നു പാടിയത്. ഈ ഒറ്റ വരിയില്‍ നിന്നും തെരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ വശം മനസിലാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ശബരിമലയില്‍ സ്വര്‍ണംകൊള്ളയടിച്ചതും ചെമ്പ് കൊണ്ടുവെച്ചതും എല്‍ഡിഎഫാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മോദിയേയും രാഹുല്‍ ഗാന്ധി ഉന്നംവെച്ചു. എല്ലാ പ്രസംഗങ്ങളിലും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്ന ഒരാള്‍ കേരളത്തിലേക്ക് വന്നപ്പോള്‍ ആ ക്ഷേത്രത്തെക്കുറിച്ചും മതത്തെക്കുറിച്ചും മറന്നുപോയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യുഡിഎഫ് വന്നാല്‍ സ്വര്‍ണക്കൊളള നടത്തിയവരെ ശിക്ഷിക്കും. ഇവിടെ എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമല്ല, എല്‍ഡിഎഫ് കേരളത്തില്‍ ബിജെപിയെപ്പോലെയാണ്. ഈ സര്‍ക്കാരില്‍ ഇടത് സ്വഭാവമില്ല. നരേന്ദ്രമോദി പറയുന്നതുപോലെയാണ് കേരളത്തിലെ ഭരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
Content Highlights- P Rajeev criticized Rahul Gandhi over a parody song and demanded clarification regarding who facilitated Potty’s connection with Sonia Gandh