

പാലക്കാട്: സഹകരണ വകുപ്പില്‍ 700കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണത്തില്‍ വസ്തുതയില്ലെന്നും നടപടിക്രമങ്ങളെല്ലാം സുതാര്യമായാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രമേശ് ചെന്നിത്തല നുണ പറയാന്‍ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
'എല്ലാം സംഗതികള്‍ക്കും മറുപടി പറയാന്‍ പുറപ്പെട്ടാല്‍ അവരുടെ അജണ്ട നടപ്പാക്കല്‍ ആവും. ഇല്ലാത്തൊരു കാര്യം ഉന്നയിച്ച് അതിനകത്ത് എല്‍ഡിഎഫിനെ കുടുക്കിയിടുകയാണ് ലക്ഷ്യം. നാടിന്റെ വികസനത്തെ പറ്റി പറയാതിരിക്കാനുള്ള കുതന്ത്രം. എല്ലാ കാര്യത്തിലും രമേശ് ചെന്നിത്തല ചിലരോട് മത്സരിക്കുകയാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി വരുന്നതല്ലേയെന്ന് ഹൈക്കോടതി വരെ ചോദിച്ചു', മുഖ്യമന്ത്രി പറഞ്ഞു.
'4,415 സഹകരണ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ പൊതുവായ സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കാന്‍ 2021ല്‍ ടെന്റര്‍ അനുസരിച്ച് 206 കോടി രൂപയ്ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കി. പക്ഷെ 2024 ഒക്ടോബറില്‍ അവര്‍ ഏകപക്ഷീയമായി പിന്മാറി. 2025 മാര്‍ച്ചില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഹൈലെവല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധന, നിയമവകുപ്പിന്റെ അനുമതിയെല്ലാം ലഭിച്ചശേഷം ടെക്‌നിക്കല്‍ ഫിനാന്‍ഫ്യല്‍ ബില്ലുകള്‍ വിലയിരുത്തി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ഹൈക്കോടതി ടെന്‍ഡര്‍ നടപടി തുടരാന്‍ അനുമതി നല്‍കി. പുതിയ പദ്ധതിയില്‍ ഡാറ്റയും സോഴ്‌സ്‌കോഡും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നിവെന്നതാണ് പ്രത്യേകത. നടപടികള്‍ സുതാര്യം' എന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ്-എസ്ഡിപിഐ ധാരണയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് യുഡിഎഫ് നേതാക്കള്‍ നുണകള്‍ പറയാന്‍ മത്സരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്ക് അതില്‍ എന്താണ് ചെയ്യാനാവുക. നുണ പറഞ്ഞ് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ നോക്കുന്നു. ബിരിയാണി ചെമ്പും ബിരിയാണിക്കഥക്കെ സ്വര്‍ണവും അടക്കമുള്ള ആരോപണം ജനം മുഖവിലക്കെടുത്തില്ല. ജനങ്ങളുടെ നിത്യജീവിതത്തില്‍ മാറ്റം സംഭവിച്ചു. അതാണ് തുടര്‍ഭരണം സമ്മാനിച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. സമ്പന്നരെ സമ്പന്നരാക്കുകയെന്നതാണ് അവരുടെ നയം. എല്‍ഡിഎഫ് ജനപക്ഷത്താണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Chief Minister rejects software corruption allegations