മെറ്റ നീക്കം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ചു

ഫേസ്ബുക്ക് പേജില്‍ വീഡിയോ റീസ്‌റ്റോര്‍ ചെയ്തു

മെറ്റ നീക്കം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ചു
dot image

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ച് മെറ്റ. ഫേസ്ബുക്ക് പേജില്‍ വീഡിയോ റീസ്‌റ്റോര്‍ ചെയ്തു. വീഡിയോ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.

മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു എന്നായിരുന്നു ആരോപണം.

സതീശനുമായി മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീല്‍ ബുധനാഴ്ച ഉച്ചയോടെ നീക്കം ചെയ്തുവെന്നായിരുന്നു വിമര്‍ശനം. രാഷ്ട്രീയ വനവാസം പരാമര്‍ശിക്കുന്നതായിരുന്നു സതീശന്റെ വീഡിയോ. ഇത് പൊലീസിന്റെ നിര്‍ദേശപ്രകാരം മെറ്റ നീക്കം ചെയ്തുവെന്നായിരുന്നു മനോരമയുടെ ആരോപണം. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ പരാതി നല്‍കിയിരുന്നു.

സംഭവം വിവാദമായതോടെയായിരുന്നു പ്രതികരിച്ച് രത്തന്‍ ഖേല്‍ക്കര്‍ രംഗത്തെത്തിയത്.

വീഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ വീഡിയോ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു. മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പൊലീസ് അറിയിച്ചത്. സൈബര്‍ പൊലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണും. മെറ്റയോട് വീഡിയോ റീസ്‌റ്റോര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ കൃത്യമായി ഇടപെടാനുള്ള അധികാരം പൊലീസിനുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights- A portion of V D Satheesan’s interview video that was earlier removed by Meta has now been restored

dot image
To advertise here,contact us
dot image