

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസിൻ്റെ പരമാചാര്യനായ ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുന്നിൽ വിനീത വിധേയനായി കുമ്പിട്ടു നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം കോൺഗ്രസിൻ്റെ പാരമ്പര്യത്തിന് ചേർന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിൽ കോൺഗ്രസും ബിജെപിയും അല്ലെങ്കിൽ ആർഎസ്എസും ചേർന്ന് എത്രയെത്ര തെരഞ്ഞെടുപ്പുകൾ നേരിട്ടിരിക്കുന്നു. കോലീബി സഖ്യം മുതൽ നേമവും തൃശൂരും മറ്റത്തൂരും അതു കഴിഞ്ഞ് ഇന്നും തുടരുന്നതാണ് ആ അവിശുദ്ധ ബന്ധമെന്നും പിണറായി വിജയന്‍ പറഞ്ഞു. ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽ നിൽക്കാൻ പോയവരല്ല തങ്ങളാരും. ശാഖയിൽ നിന്ന് ഇറങ്ങി ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ചെന്നപ്പോൾ സ്വജീവൻ ബലിയർപ്പിച്ച് പ്രതിരോധം തീർക്കാൻ മുന്നിട്ടിറങ്ങിയവരാണ്. ആ ചരിത്രം ഒന്നും അറിയില്ലെങ്കിൽ ഇന്ന് ജീവിക്കുന്ന ഏതെങ്കിലും പഴയ കോൺഗ്രസ് നേതാവിനോട് ചോദിച്ചു മനസിലാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യങ്ങൾക്ക് മറുപടിയെന്ന പേരിൽ നട്ടാൽ മുളക്കാത്ത നുണകൾ തൻ്റെ പതിവ് ശൈലിയിൽ വി ഡി സതീശൻ ആവർത്തിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്. അദ്ദേഹം ആവർത്തിക്കുന്ന നുണകൾക്കുള്ള കൃത്യമായ മറുപടികൾ വിശദമായി എത്രയോ നാൾ മുൻപ് നൽകിയിട്ടുള്ളതാണ്. നുണ ആയിരം വട്ടം ആവർത്തിച്ചാലും അത് സത്യമാകില്ല. ഗീബൽസിനെ ചരിത്രം ചവറ്റുകുട്ടയിലെറിയുകയാണ് ചെയ്തത്. അഭിനവ ഗീബൽസുമാരുടെ പരിണതിയും അതു തന്നെയായിരിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
2006ല്‍ ഗോള്‍വാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്ത ചിത്രമാണ് മുഖ്യമന്ത്രി ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീലിൻ്റെ ഭാഗമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് വി ഡി സതീശൻ മറുപടി ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ് പിണറായി വിജയന്‍ ആണെന്നായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആർഎസ്എസിൻ്റെ പരമാചാര്യനായ ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുന്നിൽ വിനീത വിധേയനായി കുമ്പിട്ടു നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം കോൺഗ്രസിൻ്റെ പാരമ്പര്യത്തിനു ചേർന്നതാണ്. കേരളത്തിൽ കോൺഗ്രസും ബിജെപിയും അല്ലെങ്കിൽ ആർഎസ്എസും ചേർന്ന് എത്രയെത്ര തെരഞ്ഞെടുപ്പുകൾ നേരിട്ടിരിക്കുന്നു. കോലീബി സഖ്യം മുതൽ നേമവും തൃശൂരും മറ്റത്തൂരും അതു കഴിഞ്ഞ് ഇന്നും തുടരുന്നതാണ് ആ അവിശുദ്ധ ബന്ധം.
ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽ നിൽക്കാൻ പോയവരല്ല ഞങ്ങളാരും. ശാഖയിൽ നിന്ന് ഇറങ്ങി ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ചെന്നപ്പോൾ സ്വജീവൻ ബലിയർപ്പിച്ച് പ്രതിരോധം തീർക്കാൻ മുന്നിട്ടിറങ്ങിയവരാണ്. ആ ചരിത്രം ഒന്നും അറിയില്ലെങ്കിൽ ഇന്ന് ജീവിക്കുന്ന ഏതെങ്കിലും പഴയ കോൺഗ്രസ് നേതാവിനോട് ചോദിച്ചു മനസ്സിലാക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവുന്നത് നന്നാവും.
ചോദ്യങ്ങൾക്കു മറുപടിയെന്ന പേരിൽ നട്ടാൽ മുളക്കാത്ത നുണകൾ തൻ്റെ പതിവു ശൈലിയിൽ വി ഡി സതീശൻ ആവർത്തിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്. അദ്ദേഹം ആവർത്തിക്കുന്ന നുണകൾക്കുള്ള കൃത്യമായ മറുപടികൾ വിശദമായി എത്രയോ നാൾ മുൻപ് നൽകിയിട്ടുള്ളതാണ്. നുണ ആയിരം വട്ടം ആവർത്തിച്ചാലും അതു സത്യമാകില്ല. ഗീബൽസിനെ ചരിത്രം ചവറ്റുകുട്ടയിലെറിയുകയാണ് ചെയ്തത്. അഭിനവ ഗീബൽസുമാരുടെ പരിണതിയും അതു തന്നെയായിരിക്കും.
Content Highlight : Chief Minister Pinarayi Vijayan has once again made allegations against Opposition Leader VD Satheesan.