'സർക്കാരിന്റെ ഔദ്യോഗിക ലെറ്റർപാഡ് വോട്ട് അഭ്യർത്ഥനയ്ക്ക് ഉപയോഗിച്ചു'; ശിവൻകുട്ടിക്കെതിരെ പരാതിയുമായി BJP

വി ശിവൻകുട്ടിക്കെതിരെ പെരുമാറ്റചട്ട ലംഘന പരാതി നൽകി ബിജെപി

'സർക്കാരിന്റെ ഔദ്യോഗിക ലെറ്റർപാഡ് വോട്ട് അഭ്യർത്ഥനയ്ക്ക് ഉപയോഗിച്ചു'; ശിവൻകുട്ടിക്കെതിരെ പരാതിയുമായി BJP
dot image

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി ശിവൻകുട്ടിക്കെതിരെ പെരുമാറ്റ ചട്ട ലംഘന പരാതി നൽകി ബിജെപി. മണ്ഡലം വരണാധികാരിക്കാണ് പരാതി നൽകിയത്. വോട്ട് അഭ്യർത്ഥിക്കാൻ സര്‍ക്കാരിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചെന്നാണ് പരാതി. അഭ്യർത്ഥനയുള്ള കത്തുകൾ വീടുകളില്‍ വിതരണം ചെയ്തുവെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടർമാരിൽ സ്വാധീനം ചെലുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. നേമം നിയോജക മണ്ഡലത്തിലെ ലീഗൽ ഇൻ ചാർജ് ആയ അഡ്വ ആർ സി പ്രകാശ് ആണ് പരാതി നൽകിയത്.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ മണ്ഡലമായി നേമം മാറിയിരിക്കുകയാണ്. എൽഡിഎഫിനായി വി ശിവൻകുട്ടി, കോൺഗ്രസിനായി കെ എസ് ശബരിനാഥൻ, ബിജെപിക്കായി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് രംഗത്തിറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ബിജെപിക്ക് നേമം മണ്ഡലത്തിൽ ഏഴായിരത്തിൽ അധികം വോട്ടിൻ്റെ ലീഡുണ്ട്. ഇതാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെത്തന്നെ നേരിട്ടിറക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന ഒരു മണ്ഡലം കൂടിയാണ് നേമം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒ രാജ​ഗോപാൽ നേമത്ത് നിന്ന് വിജയിച്ചത് ബിജെപിയെ സംബന്ധിച്ച് ചരിത്ര നേട്ടമായിരുന്നു. 8,671 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഒ രാജ​ഗോപാൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. ഒ രാജ​ഗോപാൽ 6,78,134 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ വി ശിവൻകുട്ടിക്ക് 59,142 വോട്ടാണ് ലഭിച്ചത്. യുഡിഎഫിനായി മത്സരിച്ച ജെഡിയു സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയ്ക്ക് ലഭിച്ചത് 13,860 വോട്ടായിരുന്നു. 2011 യുഡ‍ിഎഫിന് ലഭിച്ച 20,248 വോട്ടായിരുന്നു 2016ൽ 13,860 വോട്ടായി കുറഞ്ഞത്. ബിജെപി വിജയത്തിൽ ഈ വോട്ട് ചോർച്ച നിർണ്ണായകമായതായി അന്ന് വിശകലനങ്ങളുണ്ടായിരുന്നു. 2006ൽ കോൺ​ഗ്രസിൻ്റെ എൻ ശക്തൻ 60,884 വോട്ട് നോടി 10,749 വോട്ടിന് വിജയിച്ച നേമത്തായിരുന്നു 2011ൽ 20,248, 2016ൽ 13,860 എന്നീ നിലയിലേയ്ക്ക് യുഡിഎഫിൻ്റെ വോട്ട് ചുരുങ്ങിയത്. എന്നാൽ 2021ൽ ഇവിടെ മത്സരിക്കാനെത്തിയ കെ മുരളീധരൻ യുഡിഎഫിൻ്റെ വോട്ട് ബാങ്ക് തിരിച്ച് പിടിക്കുമെന്ന സൂചനകൾ നൽകിയിരുന്നു. എൽഡിഎഫിനും എൻഡ‍ിഎയ്ക്കും പിന്നിൽ മൂന്നാമതായിരുന്നെങ്കിലും 36,524 വോട്ടുകൾ നേടാൻ കെ മുരളീധരന് സാധിച്ചിരുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശഖർ വലിയ മുന്നേറ്റം നടത്തിയിരുന്നു. 61,227 വോട്ടാണ് 2024ൽ ഇവിടെ രാജീവ് ചന്ദ്രശേഖർ പിടിച്ചത്. രണ്ടാമതെത്തിയ കോൺ​ഗ്രസിൻ്റെ ശശി തരൂരിന് 39,101 വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പന്ന്യൻ രവീന്ദ്രന് ലഭിച്ചത് 33,322 വോട്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം നിയമസഭാ മണ്ഡലത്തിൽ നിന്ന് ലഭിച്ച 22,126 വോട്ടിൻ്റെ ലീഡാണ് 2026ൽ നേമത്ത് കണ്ണ് വെയ്ക്കാൻ രാജീവ് ചന്ദ്രശേഖറിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നേമം ബിജെപിക്ക് ലീഡ് നൽകിയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ 58,513 വോട്ടാണ് നേടിയത്. കോൺ​ഗ്രസിൻ്റെ ശശി തരൂരിന് 46,472 വോട്ടും എൽഡിഎഫിൻ്റെ സി ദിവാകരന് 33,921 വോട്ടുമാണ് 2019ൽ നേടാൻ സാധിച്ചത്.

Content Highlights: The BJP has filed a complaint against LDF candidate and minister V Sivankutty in the Nemom constituency, alleging violation of the model code of conduct. The complaint, submitted to the returning officer, claims that he used an official government letterhead bearing the state emblem to solicit votes.

dot image
To advertise here,contact us
dot image