

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 18കാരൻ പിടിയിൽ. തരിയോട് സ്വദേശി യദു കൃഷ്ണയാണ് വയനാട് സൈബർ പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നേരത്തെ ഇതേ കുറ്റത്തിന് ഇയാൾ പിടിയിലാകുകയും പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 2025 ഒക്ടോബറിലാണ് തൻ്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബർ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തിയിരുന്നു. മുണ്ടേരി തിംഗ്സ് എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്ന് പൊലീസ് കണ്ടെത്തി.
എന്നാൽ യദുവിന് അന്ന് പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. 2026 മാർച്ചിൽ ഇയാൾ കുറ്റകൃത്യം ആവർത്തിക്കുകയും വീണ്ടും ഇയാൾക്കെതിരേ പരാതി ലഭിക്കുകയുമായിരുന്നു. മറ്റു രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയും ടെലഗ്രാം അക്കൗണ്ടുകൾ വഴിയുമാണ് വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോണ്‍ നമ്പർ ഉപയോഗിച്ചാണ് ഇയാൾ അക്കൗണ്ടുകൾ തുടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.
Content Highlights: 18-year-old remanded in custody for posting morphed images of girls