'സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യം നാട്ടുകാരെ പറ്റിച്ചു, അമ്പലപ്പുഴയിൽ ബിജെപി-യുഡിഎഫ് ഡീല്‍'; സുധാകരനെതിരെ സലാം

സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ രക്ഷകര്‍ത്താവ് കെ സി വേണുഗോപാല്‍ ആണെന്നും എച്ച് സലാം

'സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യം നാട്ടുകാരെ പറ്റിച്ചു, അമ്പലപ്പുഴയിൽ ബിജെപി-യുഡിഎഫ് ഡീല്‍'; സുധാകരനെതിരെ സലാം
dot image

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബിജെപി-യുഡിഎഫ് ഡീലുണ്ടെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. 5000 ബിജെപി വോട്ട് കിട്ടുമെന്ന് ജി സുധാകരന്‍ പറഞ്ഞെന്നും താന്‍ ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും എച്ച് സലാം പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആദ്യം നാട്ടുകാരെ പറ്റിച്ചെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ രക്ഷകര്‍ത്താവ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.കെ സി വേണുഗോപാല്‍ ബിജെപി വോട്ട് പരാമര്‍ശത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ പ്രസംഗിക്കുമ്പോഴാണ് തനിക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളെ കുറിച്ച് ജി സുധാകരന്‍ പറഞ്ഞത്. ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. '90000 വോട്ടുമായി ഞാൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടും. കോൺഗ്രസിന് അമ്പലപ്പുഴയിൽ 50000 വോട്ടുണ്ട്. സിപിഐഎമ്മിൽ നിന്ന് 15000 ഉം, ബിജെപിയിൽ നിന്ന് 5000ഉം വോട്ട് കൂടി എനിക്ക് ലഭിക്കും. നിഷ്പക്ഷരായ 25000 പേരുടെ വോട്ടും എനിക്ക് ലഭിക്കും,' എന്നാണ് സുധാകരൻ അവകാശപ്പെടുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് എച്ച് സലാം ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സജി ചെറിയാന്‍ സംശയമുനയിലാണെന്ന സുധാകരന്റെ വെളിപ്പെടുത്തലിലും എച്ച് സലാം പ്രതികരിച്ചു. ഈ കാര്യങ്ങള്‍ എന്തേ അന്ന് പറഞ്ഞില്ലെന്നും കോണ്‍ഗ്രസ് രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കൂവെന്നും സുധാകരന്‍ പറഞ്ഞു.

'പണ്ട് അങ്ങനെ നടന്നു ഇങ്ങനെ നടന്നു എന്ന് പറയുന്നതില്‍ എന്ത് പ്രസക്തി. അദ്ദേഹം ഓരോന്ന് പറയുന്നതിന് ഞാന്‍ മറുപടി നല്‍കുന്നില്ല. പാര്‍ട്ടി നേതൃത്വം മറുപടി നല്‍കും. 2016ല്‍ അമ്പലപ്പുഴയില്‍ കെ സി വേണുഗോപാല്‍ - രമേശ് ചെന്നിത്തല - ജി സുധാകരന്‍ നെക്‌സസ് ഉണ്ടായിരുന്നു', എച്ച് സലാം ആരോപിച്ചു.

സജി ചെറിയാനെയും പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ജി സുധാകരന്‍ നടത്തിയത്. സംഭവത്തില്‍ സജി ചെറിയാന്‍ സംശയമുനയിലാണെന്നും അന്വേഷണം വേണ്ട എന്നുപറഞ്ഞത് പിണറായി വിജയനാണെന്നും ജി സുധാകരന്‍ പറഞ്ഞു. റിപ്പോട്ടര്‍ ടിവിയുടെ 'നേരോ നേതാവേ' അഭിമുഖ പരിപാടിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.

സ്മാരകം തകര്‍ത്ത രാത്രി സജി ചെറിയാന്‍ എങ്ങനെ പെട്ടെന്ന് സ്ഥലത്തെത്തി എന്നാണ് ജി സുധാകരന്‍ ചോദിച്ചത്. രാത്രി രണ്ടരയ്ക്കാണ് സജി സ്ഥലത്തെത്തിയത്. എങ്ങനെ ഇത്ര പെട്ടെന്ന് സജിക്ക് എത്താന്‍ സാധിച്ചു എന്നും എന്തിനാണ് എത്തിയത് എന്നും സുധാകരന്‍ ചോദിച്ചു.
പൊലീസ് കേസെടുത്തവരല്ല യഥാര്‍ത്ഥ പ്രതികളെന്നും സ്മാരകം തകര്‍ത്തവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട് എന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തീരുമാനം അന്വേഷണം വേണ്ട എന്നായിരുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

Content Highlights: H Salam alleges that BJP-UDF deal is happening Amabalappuzha. He points out that G Sudhakaran claiming he will get 5000 votes from BJP is a evidence of that.

dot image
To advertise here,contact us
dot image