

കായംകുളം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വേദിയിൽ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു. തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹ്യദയം നുറുങ്ങാറുണ്ടെന്നും ഈ നാടിനെ സേവിക്കാൻ തനിക്കൊരു അവസരം നൽകണമെന്നും എം ലിജു പറഞ്ഞു.
തന്റെ നാലാമത്തെ മത്സരമാണിത്, മൂന്ന് തവണയും പരാജയപ്പെട്ടു. ഒരിക്കൽ കൂടി ജനസമക്ഷം നിൽക്കുന്നു. ഈ നാടിനെ സേവിക്കാൻ തനിക്കൊരു അവസരം നൽകണം എന്നതാണ് ഈ നാട്ടിലെ ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ കൂടുതൽ കാര്യക്ഷമതയോടെ വികസന പ്രശ്‌നങ്ങളെ മനസിലാക്കുക, ദുഃഖവും ദുരിതവും അനുഭവിക്കുന്ന മനുഷ്യരെ തേടിയെത്തി അവർക്കൊപ്പം നിന്ന് കണ്ണീർ ഒപ്പുക എന്നതാണ് താൻ ഈ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യമെന്നും എം ലിജു പറഞ്ഞു.
ഇത്തവണ തനിക്കൊരു അവസരം നൽകണമെന്ന് കായംകുളത്തയും കേരളത്തിലെ പൊതുജനതയോടും പറയാൻ ആഗ്രഹിക്കുകയാണ്. അധികാരത്തിന്റെ ശീതളച്ഛായയോ ദന്തഗോപുര സിംഹാസനങ്ങളുടെ ആകർഷണീയതയോ അല്ല തന്നെ മുന്നോട്ടു നയിക്കുന്നത്. വിനീതനായി നിങ്ങളുടെ കരുണയ്ക്കായി അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും എം ലിജു പറഞ്ഞു.
എതിരാളികൾ പരാജയപ്പെട്ടവനെന്ന് ആക്ഷേപിക്കുമ്പോൾ ഹൃദയം കീറിമുറിക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കൽ പോലും അതിന്റെ പേരിൽ താൻ ഇന്നേവരെ ക്ഷോഭിച്ചിട്ടില്ല. തോൽവികളിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. തനിക്ക് കൂടുതൽ മെച്ചപ്പെടാനുണ്ട് എന്നാണ് കരുതാറുള്ളത്. ഇതെന്റെ നാലാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. മൂന്ന് തവണയും പരാജയപ്പെട്ടു. ജനങ്ങളെ സേവിക്കാൻ ഒരവസരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് എം ലിജു പറഞ്ഞു.
2021ൽ അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും എം ലിജു തോറ്റിരുന്നു. എൽഡിഎഫിന്റെ എച്ച് സലാം ആണ് ജയിച്ചത്. 2016ൽ കായംകുളത്തുനിന്നും മത്സരിച്ച എം ലിജു എൽഡിഎഫിന്റെ യു പ്രതിഭയോട് പരാജയപ്പെട്ടു. 2011ൽ അമ്പലപ്പുഴയിൽ നിന്നും മത്സരിച്ചെങ്കിലും എൽഡിഎഫിന്റെ ജി സുധാകരനാണ് ഇവിടെ ജയിച്ചത്.
Content Highlights: congress Kayamkulam candidate M Liju emotional speech on udf election campaign