പ്രാദേശിക ജനതയ്ക്കും ടൂറിസം ഒരു കൈത്താങ്ങ്, 'ഉത്തരവാദിത്ത' ടൂറിസത്തിലുണ്ട് അവരുടെയും ഭാവി

കെആർടിഎം സൊസൈറ്റി ഓരോ പദ്ധതിയും ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിനായി വ്യവസ്ഥാപിതമായി പ്രവർത്തിക്കുകയാണ്

പ്രാദേശിക ജനതയ്ക്കും ടൂറിസം ഒരു കൈത്താങ്ങ്, 'ഉത്തരവാദിത്ത' ടൂറിസത്തിലുണ്ട് അവരുടെയും ഭാവി
dot image

സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതികളിൽ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ കൃത്യമായ പരിശോധനകളും മറ്റും നടക്കുന്നുണ്ട്. പദ്ധതികളുടെ നിർമാണം തുടങ്ങി നടത്തിപ്പ് വരെയുള്ള കാര്യങ്ങളിലും കെആർടിഎം സജീവമായി ഇടപെടുന്നുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രാദേശിക ജനവിഭാഗങ്ങളുടെ ഉയർച്ചയും അവരുടെ സമ്പുഷ്‌ടീകരണവും വളരെ പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ തന്നെ കെആർടിഎമ്മിനുണ്ട്.

കെആർടിഎം സൊസൈറ്റി ഓരോ പദ്ധതിയും ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിനായി വ്യവസ്ഥാപിതമായി പ്രവർത്തിക്കുകയാണ്. നിലവിൽ വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതുമായ 25015 യൂണിറ്റുകളാണ് ഉള്ളത്. അതിൽ 17884 യൂണിറ്റുകൾ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്. തുണി ബാഗ് നിർമ്മാണ യൂണിറ്റുകൾ, പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകൾ, കരകൗശല നിർമ്മാണ യൂണിറ്റുകൾ, വിവിധ കാർഷിക യൂണിറ്റുകൾ, ഫാം വിതരണ യൂണിറ്റുകൾ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, ഡ്രൈവർമാർ, കമ്മ്യൂണിറ്റി ടൂർ ലീഡർമാർ, ഫാം സന്ദർശന യൂണിറ്റുകൾ, ഹോം സ്റ്റേകൾ, ഫാം സ്റ്റേകൾ, ടെൻഡഡ് അക്കോമഡേഷൻ യൂണിറ്റുകൾ, എത്‌നിക് ക്യുസിൻ യൂണിറ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഈ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ, 50030 പേർക്ക് നേരിട്ടും 1,00,060 പേർക്ക് പരോക്ഷമായും, അതിലൂടെ 1,50,000 കുടുംബങ്ങൾ ടൂറിസവുമായി ബന്ധപ്പെട്ട് വരുമാനം ലഭിക്കുന്നുണ്ട്.

ഉത്തരവാദിത്ത ടൂറിസം രീതികളും സമൂഹ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ ബേപ്പൂർ റെസ്പോൺസിബിൾ ടൂറിസം പദ്ധതി ഒരു സുപ്രധാന സംരംഭമായി ഉയർന്നുവന്നിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ 300-ലധികം ആളുകൾക്ക് തൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. വിവിധ ടൂറിസം പാക്കേജുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രൊമോഷണൽ വീഡിയോകൾ നിർമ്മിക്കുകയും പുറത്തിറക്കുകയും ചെയ്തു. ഒരു ഇ-ബുക്കും പ്രസിദ്ധീകരിച്ചു.

കേരളത്തിലെ ആദ്യത്തെ ഉത്തരവാദിത്ത ടൂറിസം ക്ലബ് ബേപ്പൂരിലാണ് സ്ഥാപിതമായത്. പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി, ഉത്തരവാദിത്ത ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹരോൾഡ് ഗുഡ്വിൻ ബേപ്പൂർ സന്ദർശിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നതിന് ജില്ലയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ബേപ്പൂർ ഇന്റർനാഷണൽ ആർ‌ടി ഫെസ്റ്റും ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റും സംഘടിപ്പിച്ചു. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐസിആർടി ഇന്ത്യ സബ്-കോണ്ടിനെന്റ് ഗോൾഡ് അവാർഡും ലഭിച്ചിരുന്നു. 2026 ഫെബ്രുവരി 7 ന് ബേപ്പൂരിനെ ഒരു അന്താരാഷ്ട്ര മോഡൽ ഉത്തരവാദിത്ത ടൂറിസം ലക്ഷ്യസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ നടപ്പിലാക്കി വരുന്ന സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി ഒരു ആഗോള മാതൃകയായി ഉയർന്നുവരുന്ന കാഴ്ചയാണ് കാണുന്നത്. ഈ സംരംഭങ്ങളെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനും, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കിടയിൽ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനും, സഹകരണ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ആഗോള തലത്തിൽ ഈ മേഖലയിലെ മാതൃകകൾ അവതരിപ്പിക്കുന്നതിനും, അനുയോജ്യമായ മാതൃകകളും ആശയങ്ങളും സ്വീകരിക്കുന്നതിനും വേണ്ടി, ജെൻഡർ ഇൻക്ലൂസീവ് ആൻഡ് റെസ്പോൺസിബിൾ ടൂറിസത്തിലെ ആദ്യ വനിതാ കോൺഫറൻസും സർക്കാർ നടത്തിയിരുന്നു.

Content Highlights: Tourism also helps local people to enhance their business. Government also takes up measures to enhance them

dot image
To advertise here,contact us
dot image