

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി. മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ് നടപടി സ്വീകരിച്ചത്. അന്വേഷണവിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ച സംഭവം റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു പുറത്തുവിട്ടത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലായിരുന്നു ബിജെപിയുടെ സീല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഈ കത്ത് ലഭിച്ചിരുന്നു.
2019 തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍. 2019ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കത്തായിരുന്നു ഇതിനൊപ്പം ഉണ്ടായിരുന്നത്. കത്തിന്റെ അടിഭാഗത്തായാണ് ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നത്. സംഭവം വിവാദമാതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി ബിജെപിക്ക് വേണ്ടിയുള്ള പണിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്ന് കെ സി വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇത് തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. ഞെട്ടിക്കുന്ന സംഭവമാണിത്. വൈകിയാണെങ്കിലും ഇത് അറിയാന്‍ പറ്റിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമെന്നായിരുന്നു സിപിഐഎം നേതാവ് എം വി ജയരാജന്‍ പറഞ്ഞത്. പുറത്തുവന്ന രേഖകള്‍ അത് സാധൂകരിക്കുന്നതാണെന്നും എം വി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ഇ പി ജയരാജനും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിയോടെ പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണെന്നും ആ സ്ഥാപനം ഒരിക്കലും ഒരു പാര്‍ട്ടിക്കും കീഴടങ്ങരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന രീതി തന്നെ ബിജെപി മാറ്റി. അത് ഭരിക്കുന്ന കക്ഷിക്ക് പൂര്‍ണമായും കീഴ്‌പ്പെടുത്താനാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights- The Election Commission has suspended an official after a BJP seal was found on a letter sent via email to political parties