

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തളിപ്പറമ്പിലെ ബിജെപി സ്ഥാനാര്‍ഥി. ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്‍ ആണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. ധര്‍മടം മണ്ഡലം വേണമെന്നാണ് ഹരിദാസന്റെ ആവശ്യം. കഴിഞ്ഞ ഏഴ് മാസമായി ധര്‍മ്മടം കേന്ദ്രീകരിച്ചായിരുന്നു ഹരിദാസന്റെ പ്രവര്‍ത്തനം. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ തളിപ്പറമ്പ് ആണ് ലഭിച്ചത്. ഇതോടെയാണ് ഹരിദാസന്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. ഹരിദാസനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തുകയാണ്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം വിമതന്‍ ടി കെ ഗോവിന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായി. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമതരായി മത്സരിക്കാനൊരുങ്ങുന്നത്.
കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദനന്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. മണ്ഡലത്തിൽ മത്സരിക്കുമെന്നും ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും കൊയ്യം ജനാർദനൻ പ്രതികരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളാണ് കൊയ്യം ജനാർദ്ദനൻ.
2016ല്‍ മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാരും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണക്കുന്ന ടി കെ ഗോവിന്ദനെതിരെ മത്സരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിക്കാന്‍ അവന്‍ വരുന്നു എന്ന എഴുത്തുമായുള്ള പോസ്റ്ററുകള്‍ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
എം വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി കെ ശ്യാമളയാണ് തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി.
Content Highlights: BJP candidate from Taliparamba says he will not contest the elections