'കൊടിയേക്കാള്‍ വലുത് കോടി'; ചാലക്കുടിയില്‍ എല്‍ഡിഎഫിന് പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി മുന്‍ സ്ഥാനാര്‍ഥി

'സ്ഥാനാര്‍ഥിയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു, അവസാനം ചതിച്ചു'

'കൊടിയേക്കാള്‍ വലുത് കോടി'; ചാലക്കുടിയില്‍ എല്‍ഡിഎഫിന് പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി മുന്‍ സ്ഥാനാര്‍ഥി
dot image

തൃശൂർ: ചാലക്കുടിയില്‍ എല്‍ഡിഎഫിന് പേയ്‌മെന്റ് സീറ്റെന്ന് ആരോപണം. എല്‍ഡിഎഫ് മുന്‍ സ്ഥാനാര്‍ഥി ഡെന്നീസ് കെ ആന്റണിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസ് എം സീറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡെന്നീസ് മത്‌സരിച്ചിരുന്നു.

തോറ്റിട്ടും അഞ്ചുവര്‍ഷം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു. കൊടിയേക്കാള്‍ വലുത് കോടിയാണെന്ന് ഈ തെരഞ്ഞെടുപ്പ് തന്നെ പഠിപ്പിച്ചെന്ന് ഡെന്നീസ് ഫേസ്ബുക്കില്‍ കുറിച്ചു. സ്ഥാനാര്‍ഥിയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. അവസാനം ചതിച്ചു. കടുത്ത മാനസിക വിഷമം നേരിട്ടുവെന്നും അദ്ദേഹം കുറിച്ചു.

'ഈ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്ന് ഞാൻ മാറി നിൽക്കുന്നതല്ല മാറ്റി നിർത്തിയതാണ്. ചതിച്ചതാണ്. ചാലക്കുടിയുടെ പൊതുനന്മക്കും ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ക്ഷേമത്തിനുമായി ചാലക്കുടിയുടെ മണ്ണിൽ അലിഞ്ഞുതീരുന്നതുവരെ അക്ഷീണം പ്രവർത്തിക്കുകയും നിസ്വാർത്ഥമായി ഒരാനുകൂല്യവും ആരിൽ നിന്നും പറ്റാതെയുള്ള കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കുകയും ചെയ്യുമെന്ന് എന്റെ പ്രിയപ്പെട്ടവരെ അറിയിക്കുന്നു', ഡെന്നീസ് കെ ആന്റണി കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവും നിലവിലെ മുനിസിപ്പൽ കൗൺസിലറുമായിരുന്ന ബിജു എസ് ചിറയത്താണ് ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) വിഭാഗത്തിന് അനുവദിച്ച സീറ്റിലാണ് ബിജു മത്സരിക്കുന്നത്. സ്ഥാനാർഥിത്വത്തിന്റെ ഭാഗമായി മുനിസിപ്പൽ അംഗത്വം രാജിവെച്ചിരുന്നു.

ഡെന്നീസ് കെ ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ്

നിരായുധന്റെ ആയുധമാണ് മൗനം എന്ന കാഴ്ചപാടിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നിലപാടെടുത്ത്... ഇന്നിപ്പോ രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കുറച്ചു കാര്യങ്ങൾ പറഞ്ഞേക്കാം എന്ന് കരുതി..

പ്രിയമുള്ളവരെ,

കൊടിയേക്കാൾ വലുതാണ് കോടിയെന്നും, വാടക വീടിനെക്കാൾ വലുതാണ് സ്വർണ്ണ മഹലെന്നും ഈ തിരഞ്ഞെടുപ്പ് എന്നെ പഠിപ്പിച്ചു. എന്റെ പൊതുപ്രവർത്തനം സുതാര്യമാണ്.അഴിമതി രഹിതമാണ്. ഗ്രാമപഞ്ചായത്ത്‌ അംഗമായും, ബ്ലോക്ക് പഞ്ചായത്ത്‌ അംഗമായും, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായും, സി.എൽ.സി.യുടെ യൂണിറ്റ് - ഫോറോന - അതിരൂപത- സംസ്ഥാന പ്രസിഡന്റായും, വിദ്യാർത്ഥി - യുവജന - തൊഴിലാളി മേഖലകളിൽ നിയോജകമണ്ഡലം - ജില്ലാ - സംസ്ഥാന ഭാരവാഹിയായി പ്രവർത്തിക്കുമ്പോഴും സാധാരണ ക്കാർക്കൊപ്പമാകാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. കൈക്കൂലിയായോ പാരിതോഷികമായോ ആരിൽ നിന്നും തുകയായോ വസ്തുക്കളായോ കൈപ്പറ്റിയിട്ടില്യ.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി 1057 വോട്ടിന് വിജയം കൈവരിക്കാൻ കഴിയാതിരുന്നപ്പോളും ആരെയും കുറ്റപ്പെടുത്താതെ ആർക്കുമെതിരെ പരാതി പറയാതെ കായികലഹരിയായി മാത്രം അതിനെ കണ്ടു.

2026ൽ വിജയിക്കണം എന്ന ലക്ഷ്യത്തോടെ എല്ലാം ഉപേക്ഷിച്ചു ചാലക്കുടിക്കായി സക്രിയമായി പ്രവർത്തിച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്ന അന്ന് രാവിലെ 6.14 ന് നേതൃത്വം എന്നെ വിളിച് ചാലക്കുടിയിൽ സ്ഥാനാർഥിയാണെന്നും പ്രാർത്ഥിച്ചൊരുങ്ങി ഇരിക്കാനും പറഞ്ഞു. പക്ഷേ ലിസ്റ്റ് വന്നപ്പോൾ കോൺഗ്രസ്സ് കൗൺസിലർ ആയ ബിജു എസ്. ചിറയത്തിന്റെ പേര് ആണ് പ്രഖ്യാപിച്ചത്. കടുത്ത മനോവേദന ഉണ്ടായെങ്കിലും പ്രതികരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി വാടക വീട്ടിൽ കഴിയുന്ന ഞാൻ തല ഉയർത്തിപിടിച്ചു തന്നെയാണ് പൊതു പ്രവർത്തനം നടത്തിയിട്ടുള്ളത്.കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു.

ഒന്നും എതിർക്കാത്ത എനിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥിയുമായി ബന്ധപ്പെട്ടവർ ഉയർത്തിയ ആരോപണം എന്നെ ഏറെ വേദനിപ്പിക്കുന്നു.ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തു നിന്ന് ഞാൻ മാറി നിൽക്കുന്നതല്ല മാറ്റി നിർത്തിയതാണ്... ചതിച്ചതാണ്. ചാലക്കുടിയുടെ പൊതുനന്മക്കും ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ക്ഷേമത്തിനുമായി ചാലക്കുടിയുടെ മണ്ണിൽ അലിഞ്ഞുതീരുന്നതുവരെ അക്ഷീണം പ്രവർത്തിക്കുകയും . നിസ്വാർത്ഥമായി ഒരാനുകൂല്യവും ആരിൽ നിന്നും പറ്റാതെയുള്ള കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യുമെന്ന് എന്റെ പ്രിയപെട്ടവരെ അറിയിക്കുന്നു..

ഡെന്നിസ് കെ ആന്റണി

ചാലക്കുടി.

Content Highlights: Allegations that LDF has a paid seat in Chalakudy

dot image
To advertise here,contact us
dot image