

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം തുടരുന്നു. കൊച്ചി സീറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തർക്കം രൂക്ഷമാണ്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കണമെന്നാണ് വി ഡി സതീശൻ്റെ വാദം. എന്നാൽ ദീപ്തി മേരി വർഗീസിനെ കൊച്ചിയിൽ പരിഗണിക്കണമെന്നാണ് കെ സി വേണുഗോപാലിൻ്റെ നിലപാട്. തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ വി ഡി സതീശൻ ഇന്നലെ ചർച്ചയ്ക്ക് ഇടയിൽ ഇറങ്ങിപ്പോയിരുന്നു. എന്നാൽ പിന്നീട് ചർച്ചകൾക്കായി മടങ്ങിയെത്തുകയായിരുന്നു. കോൺഗ്രസ് സമ്പൂർണ്ണ വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ സീറ്റുകളെ സംബന്ധിച്ചും തർക്കം തുടരുകയാണ്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പല മണ്ഡലങ്ങളിലും ഒരൊറ്റ സ്ഥാനാർത്ഥിയിലേയ്ക്ക് എത്തിച്ചേരാൻ കഴിയാത്തതാണ് ബാക്കിയുള്ള 37 സീറ്റുകളിലെ പട്ടിക പുറത്തിറക്കാൻ വൈകുന്നത്. നേതാക്കൾ തമ്മിലുള്ള തർക്കമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കീറാമുട്ടിയാകുന്നത്.
ഇതിനിടെ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. എം പിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ചാണ് സുധാകരൻ്റെ നീക്കം. സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ കടുത്ത തീരുമാനത്തിലേയ്ക്ക് പോകാനാണ് കെ സുധാകരൻ ആലോചിക്കുന്നതെന്നാണ് വിവരം. പാർട്ടി പരിഗണിച്ചില്ലെങ്കിൽ പ്രവർത്തകസമതി അംഗത്വവും എം പി സ്ഥാനവും അടക്കം രാജിവെച്ച് കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ തയ്യാറായേക്കുമെന്നാണ് സൂചന. നിലപാട് വ്യക്തമാക്കാൻ ഇന്ന് സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
കഴിഞ്ഞ ദിവസം 55 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പുറത്ത് വന്ന സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളിൽ സിപിഐഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വവും യൂത്ത് കോൺഗ്രസും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. ചിറയൻകീഴിൽ രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയതിലും വിമർശനം ഉയർന്നിട്ടുണ്ട്.
Content Highlights: VD Satheeshan Backs Shiyas, KC Venugopal Supports Deepthi Mary Varghese