ടൂറിസ്റ്റുകളുടെ പറുദീസയായ കേരളം, വിജയം കണ്ടത് സർക്കാരിൻ്റെ നിരന്തരമായ ശ്രമങ്ങൾ

ദേശീയ, ആഗോള ടൂറിസം ഭൂപടത്തിൽ കേരളം കൈവരിച്ച വളർച്ച ഒരു മാതൃകയാണ്

ടൂറിസ്റ്റുകളുടെ പറുദീസയായ കേരളം, വിജയം കണ്ടത് സർക്കാരിൻ്റെ നിരന്തരമായ ശ്രമങ്ങൾ
dot image

ദേശീയ, ആഗോള ടൂറിസം ഭൂപടത്തിൽ കേരളം കൈവരിച്ച വളർച്ച അനുകരണീയമാണ്, മാതൃകയാണ്. ടൂറിസം മേഖലയെ പരിപോഷിപ്പിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ നിരവധി നടപടികളാണ് കൈക്കൊണ്ടത്. താഴെത്തട്ട് മുതൽ മേൽത്തട്ട് വരേക്കുമുള്ള പദ്ധതികളുണ്ടായി. ഏറ്റവും ചെറിയ മേഖല തൊട്ട് ഏറ്റവും വലിയ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുണ്ടായി.

ടൂറിസം മേഖലയെ പരിപോഷിപ്പിക്കാൻ കേരള സർക്കാർ കൈക്കൊണ്ട ശ്രമങ്ങളെല്ലാം നല്ല രീതിയിൽ ഫലം കാണുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ ശ്രമങ്ങൾ ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് അനിഷേധ്യമായ ഒരു ഇടം നേടിക്കൊടുക്കുകയും ചെയ്തു. സുസ്ഥിര വിനോദ സഞ്ചാര വികസനം എങ്ങനെ സാധ്യമാക്കാം എന്നതിന് കേരളത്തെയാണ് ലോകം മാതൃകയാക്കുന്നത്.

2017ൽ തന്നെ കേരളം സുസ്ഥിര വിനോദ വികസനത്തിന് കർമപരിപാടികൾ രുപീകരിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക, ശുചിത്വപ്ലാൻ, ഹരിത ചട്ടം, പ്ലാസ്റ്റിക് ഉപയോഗിക്കാനുള്ള നിയന്ത്രണം, പൊതു പെരുമാറ്റ മര്യാദകൾ തുടങ്ങി നിരവധി നിർദേശങ്ങൾ അടങ്ങിയതായിരുന്നു ആ കർമപരിപാടി. ഏത് വിധേനയും കേരളത്തിലെ ടൂറിസം അനുഭവം മെച്ചപ്പെടുത്തുക എന്നത് മാത്രമായിരുന്നു സർക്കാരിന് ലക്ഷ്യമായി ഉണ്ടായിരുന്നത്. ആ ശ്രമങ്ങൾ എല്ലാം ഫലം കാണുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

നിരവധി അംഗീകാരങ്ങളാണ് കുറഞ്ഞ കാലയളവിൽ കേരളത്തെ തേടിയെത്തിയത്. നിരവധി അഭിമാനകരമായ അന്താരാഷ്ട്ര, ദേശീയ അവാർഡുകൾ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 53 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ടൈം മാഗസിൻ മികച്ച 50 യാത്രാസ്ഥലങ്ങളുടെ പട്ടികയിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡെസ്റ്റിനേഷൻ വെഡിങ് ആണ് ഇക്കാലത്തെ ഒരു ട്രെൻഡ് എന്നുപറയാം. നിരവധി പേരാണ് ഡെസ്റ്റിനേഷൻ വെഡിങ് എന്ന രീതി ഇന്നത്തെക്കാലത്ത് കൈക്കൊള്ളുന്നത്. പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് ഇതിനായി ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. ഇത്തരം വിവാഹങ്ങൾക്കുള്ള ഏറ്റവും മികച്ച സ്ഥലമായും കേരളം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നൂതനമായ മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് കേരള ടൂറിസം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തെ ഒരു ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ 2016 മുതൽ ലോക ടൂറിസം മേഖലയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കൃത്യമായ കാഴ്ചപ്പാടാണ് ഏതൊരു വളർച്ചയ്ക്കും അടിസ്ഥാനം. മേഖലയുടെ ഭാവി മുൻകൂട്ടിക്കാണണം. എന്ത് പദ്ധതികളാണ് ആവശ്യം, അവ എങ്ങനെയാണ് പ്രാവർത്തികമാക്കേണ്ടത് എന്നതിനെക്കുറിച്ചും കൃത്യമായ ധാരണകൾ വേണം. ഇത്തരം നടപടികൾ കൈക്കൊള്ളുന്നതിൽ കേരളം ഒരു വലിയ മാതൃക തന്നെയാണ്. സുസ്ഥിര ടൂറിസം വളർച്ച, തീർത്ഥാടന വികസനം, ക്രൂയിസ് ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളം വിഷൻ 2031 എന്ന പദ്ധതിതന്നെ ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയെ ഇന്ന് ലോകത്തിന് മുൻപിൽ അടയാളപ്പെടുത്തുന്നത് ചീനവലയും ഫോർട്ട് കൊച്ചിയും മാത്രമല്ല, കൊച്ചി ബിനാലെ കൂടിയാണ്. സാംസ്‌കാരിക ടൂറിസത്തിന്റെ മലയാളി അടയാളമായി മാറിയ പരിപാടി കൂടിയാണ് കൊച്ചി ബിനാലെ. വിദേശ ടൂറിസ്റ്റുകൾ അടക്കം നിരവധി പേരാണ് ബിനാലെ കാണാനായി എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ യാത്രാസാഹിത്യോത്സവം നടന്നത് കേരളത്തിലാണ്. യാനം എന്ന പേരിൽ വർക്കലയിൽ നടന്ന പരിപാടി കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ വിളിച്ചോതുന്നതായിരുന്നു.

'ദി ഹിന്ദു' ഗ്രൂപ്പുമായി സഹകരിച്ച് 2026 ജനുവരി 31 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിൽ "എല്ലാവർക്കും വേണ്ടി കേരളം" എന്ന പേരിൽ സമഗ്രമായ ഒരു ടൂറിസം കോൺക്ലേവ് നടത്തപ്പെട്ടിരുന്നു. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളിൽ ആയുർവേദ ചികിത്സക്കായി എത്തുന്നവരും നിരവധിയാണ്. ടൂറിസം വികസനം ഉണ്ടാകുമ്പോൾ ആയുർവേദ മേഖലയെ ഒരിക്കലും മാറ്റിനിർത്താനാകില്ല. ഇതിന്റെ ഭാഗമായി
'ആയുർവേദ പ്രമോഷൻ സൊസൈറ്റി'യുമായി സഹകരിച്ച് 2026 ഫെബ്രുവരി 2 മുതൽ 3 വരെ കോഴിക്കോട് 'ഹോം ഓഫ് ആയുർവേദ 2.0 ക്യാമ്പയിൻ ആൻഡ് വെൽനസ് കോൺക്ലേ'വും നടന്നിരുന്നു.

Content highlight: Kerala, a paradise for tourists, thanks to the government's continuous efforts

dot image
To advertise here,contact us
dot image