'എന്തേ ഇന്നും വന്നില്ല...'; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു

ഒന്നിലധികം പേരുകള്‍ വന്ന മണ്ഡലങ്ങളില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്

'എന്തേ ഇന്നും വന്നില്ല...'; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. ഒന്നിലധികം പേരുകള്‍ വന്ന മണ്ഡലങ്ങളില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ എഐസിസി യോഗം ചേരുകയാണ്. ഇതിലും തീരുമാനമാകാത്ത പക്ഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും യോഗത്തില്‍ പങ്കെടുക്കും.

ഇത് രണ്ടാം തവണയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എഐസിസി യോഗം ചേരുന്നത്. ആദ്യം ചേര്‍ന്ന യോഗം എട്ട് മണിയോടെ പിരിയുകയും വീണ്ടും ചേരുകയുമായിരുന്നു. രണ്ടാമത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ സി വേണുഗോപാലും വി ഡി സതീശനും തമ്മില്‍ തര്‍ക്കം ഉടലെടുത്തതായാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ നേതാക്കള്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കെ സുധാകരന് സീറ്റ് നല്‍കുന്നത് സംബന്ധിച്ചും നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളതായാണ് വിവരം. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ സുധാകരന് മത്സരിക്കാന്‍ അവസരം നല്‍കാത്ത പക്ഷം അത് പാര്‍ട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കും. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ വരെയുള്ള സാധ്യതയുണ്ട്. ഇത് കൂടി മുന്നില്‍ കണ്ടാകും കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

നേരത്തേ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കരുതി മുഹമ്മദ് ഷിയാസിനായി കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഷോയ്ക്ക് തയ്യാറായിരുന്നു. ഇതിന് പുറമേ ഷിയാസിനായി പ്രവര്‍ത്തകര്‍ ബോര്‍ഡുകളും ഫ്‌ളക്‌സും ഒരുക്കിയിരുന്നു. കൊച്ചി ബിഒടി പാലത്തിന് പ്രവര്‍ത്തകര്‍ പ്രകടനത്തിനായി സജ്ജരാകുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതോടെ പ്രവര്‍ത്തകരെ പ്രാദേശിക നേതാക്കള്‍ പിരിച്ചുവിട്ടു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.

നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേഷ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയും തൃത്താലയില്‍ വി ടി ബല്‍റാമുമാണ് സ്ഥാനാര്‍ത്ഥികള്‍.

Content Highlights- Congress party has delayed the announcement of its second phase candidate list in Kerala

dot image
To advertise here,contact us
dot image