

കൊച്ചി: വിവാദമായ 'കുഴികുത്തി കഞ്ഞി വിളമ്പൽ' പരാമർശത്തിൽ വീണ്ടും വിശദീകരണവുമായി നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. തന്റെ വാക്കുകൾ പലരും വളച്ചൊടിക്കുകയായിരുന്നുവെന്നും വീട്ടിൽ ജോലി ചെയ്തിരുന്ന വ്യക്തി നായരായിരുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഭംഗിയുള്ള ഓർമകളാണെന്നും കൃഷ്ണകുമാർ പറഞ്ഞു. കഞ്ഞി മറിഞ്ഞുപോകാതിരിക്കാൻ കുഴിയിൽ ഇട്ട് കഴിക്കും. അതിനെപ്പറ്റിയാണ് താൻ പറഞ്ഞത്. അതിൽ ജാതിവ്യവസ്ഥ കൊണ്ടുവന്ന് നറേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും കൃഷ്ണകുമാർ പറഞ്ഞു.
'തനിക്കെതിരെ ഉയർന്ന ഏറ്റവും വലിയ വിവാദമായിരുന്നു 'കുഴികുത്തി കഞ്ഞി' വിവാദം. എന്താണ് സംഭവം എന്ന് എനിക്കറിയാം. എറണാകുളത്ത് ഹോട്ടലിൽ താമസിക്കുന്ന സമയത്ത് ഞാൻ ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോയി. അവിടെ പഴഞ്ചോറ് വെച്ചിരിക്കുന്നു. അവിശ്വസനീയമായി, എന്റെ വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പഴഞ്ചോറാണ്. സിന്ധു അതെടുത്തുകൊണ്ടു വന്നു.
കഴിച്ചുകഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോഴായിരുന്നു സിന്ധു പഴഞ്ചോറ് എന്ത് ടേസ്റ്റ് ആണെന്ന് പറഞ്ഞത്. സിന്ധു വ്ലോഗ് എടുക്കുകയാണ്. അപ്പോൾ ഞാൻ പറഞ്ഞു, നിനക്ക് അതിന്റെ ശരിയായ ടേസ്റ്റ് അറിയില്ല. ഞങ്ങളുടെ അവിടെ പണ്ട്, കാടുവെട്ടാനും മറ്റുമായി പറമ്പിൽ പണിയെടുക്കാൻ ആളുകൾ വരുമായിരുന്നു. ചായ മാത്രം കുടിച്ചിട്ടാണ് അവർ വരിക. 11 മണിയാകുമ്പോൾ ഭക്ഷണം മതി എന്നാണവർ പറയുക. അന്ന് ഇത്രയും പ്ളേറ്റുകളില്ല. ഇലയിൽ ആണ് കഴിക്കുക.
അതുകൊണ്ട് കഞ്ഞി മറിഞ്ഞുപോകാതെ ഇരിക്കാൻ കുഴിയിൽ ഇട്ട് കഴിക്കും. അതിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. അധ്വാനിച്ച് വന്ന് അവർ കഴിക്കുന്നത് കാണാൻ പ്രത്യേക സൗന്ദര്യമാണ്. നമുക്കും ഇതുപോലെ കഴിക്കാൻ തോന്നും. ഇതിൽ ജാതിവ്യവസ്ഥ കൊണ്ടുവന്ന് നറേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തത്. ഞങ്ങളുടെ അവിടെ പണിക്ക് വന്നിരുന്ന വ്യക്തിയുടെ പേര് കരുണാകരൻ നായർ എന്നായിരുന്നു. പുള്ളിയുടെ മകനും കൊച്ചുമകനും ഇന്ന് ജീവിച്ചിരിപ്പുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഭംഗിയുള്ള ഓർമകളാണത്. എന്നാൽ മുഴുവൻ വീഡിയോയും കാണുന്നവർക്കും കേൾക്കുന്നവർക്കും കാര്യം അറിയാം. ഇത് കട്ട് ചെയ്ത് ഇട്ട് ആരെങ്കിലും പൈസ ഉണ്ടാക്കുന്നുണ്ടല്ലോ എന്നതായിരുന്നു എന്റെ സന്തോഷം'; എന്നാണ് കൃഷ്ണകുമാർ പറയുന്നത്.
2023ലായിരുന്നു കൃഷ്ണകുമാറിന്റെ വിവാദ പരാമർശം. ചെറുപ്പകാലത്ത് ആളുകൾക്ക് കുഴികുത്തി കഞ്ഞി നൽകിയിട്ടുണ്ട് എന്നും പണിക്കാർ പ്ലാവില വെച്ച് പഴങ്കഞ്ഞി കുടിക്കുന്നത് കാണുമ്പോൾ കൊതി വരും എന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പരാമർശം. വ്യാപക വിമർശനമാണ് ഇതിനെതിരെ ഉണ്ടായത്. കൃഷ്ണകുമാറിനെതിരെ നിരവധി പരാതികൾ അടക്കം ഉയർന്നിരുന്നു.
Content Highlights: Actor and BJP leader G. Krishnakumar has issued a fresh clarification over his controversial “kuzhikuthi kanji” remark that sparked debate in Kerala. He said his words were misinterpreted and twisted by many.