എച്ച് സലാമിന് വോട്ട് കുറഞ്ഞതിൽ സുധാകരനെതിരെ നടപടിയെടുത്തിട്ടില്ല, പ്രസ്താവനകൾ പാർട്ടി പരിശോധിക്കും: എളമരം കരീം

'പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല'

എച്ച് സലാമിന് വോട്ട് കുറഞ്ഞതിൽ സുധാകരനെതിരെ നടപടിയെടുത്തിട്ടില്ല, പ്രസ്താവനകൾ പാർട്ടി പരിശോധിക്കും: എളമരം കരീം
dot image

കോഴിക്കോട്: തനിക്കെതിരായ ആരോപണങ്ങളില്‍ ജി സുധാകരന് മറുപടിയുമായി സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം. എച്ച് സലാമിന് വോട്ട് കുറഞ്ഞതിന്റെ പേരില്‍ സുധാകരനെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. സുധാകരനുമായി വ്യക്തിപരമായി പ്രശ്‌നമില്ല. സുധാകരന്റെ പ്രസ്താവനകള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ട് കുറഞ്ഞപ്പോൾ അന്വേഷണം നടന്നുവെന്നും എന്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞപ്പോൾ അന്വേഷണം വരുന്നില്ലെന്നും സുധാകരൻ ചോദിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് എളമരം കരീം റിപ്പോർട്ട് തയ്യാറാക്കിയതെന്നും തനിക്കെതിരെ അന്ന് തയ്യാറാക്കിയ റിപ്പോർട്ട് കള്ള റിപ്പോർട്ടാണെന്നും പറഞ്ഞു. തന്നെ പുറത്താക്കുകയായിരുന്നു കരീമിന്റെ ലക്ഷ്യമെന്നും ജി സുധാകരൻ ആരോപിച്ചു.

അമ്പലപ്പുഴയില്‍ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ് ജി സുധാകരന്‍. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ജി സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും വ്യക്തിഹത്യ നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ്. അധ്വാനിച്ച് ജീവിച്ച ആളാണ് തന്റെ അച്ഛൻ. വ്യക്തിഹത്യ കൊണ്ട് പാർട്ടി നശിക്കുക മാത്രമേയുള്ളൂ. കമ്മ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നയാളല്ല താൻ. മർദനവും ഗുണ്ടായിസവും ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരൻ പറഞ്ഞു.

'അയാൾക്കിനി എന്താ വേണ്ടത്, രണ്ടു തവണ മന്ത്രി ആയില്ലേ' എന്നാണ് ചോദിക്കുന്നത്. ഈ ചോദിക്കുന്നവർ മാർക്സിസ്റ്റുകാരല്ല. എത്ര തവണ മന്ത്രിസ്ഥാനത്ത് വന്നു എന്നതല്ല, ആ സ്ഥാനത്ത് വന്നിട്ട് എന്തു ചെയ്തു എന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: elamaram kareem's responds after g sudhakran's press meet

dot image
To advertise here,contact us
dot image