

കൊച്ചി: പിആര്‍ഡിയുടെ 'ഇരുണ്ടകാലം' പത്രപരസ്യത്തിനെതിരായ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ വിഷയം ഉന്നയിക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാരോണ്‍ പനയ്ക്കലും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷം ഇരുണ്ടകാലമാണെന്ന് വിശേഷിപ്പിച്ചായിരുന്നു മാര്‍ച്ച് അഞ്ചിന് പിആര്‍ഡി പത്രപരസ്യമിറക്കിയത്. പ്രമുഖ ദിനപത്രങ്ങളില്‍ നല്‍കിയ ഡബിള്‍ ജാക്കറ്റ് പരസ്യം നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഷിയാസ് കോടതിയെ സമീപിച്ചത്. പരസ്യം സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. പരസ്യത്തിന്റെ പണം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും പരസ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്. പരസ്യവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കോടതി പത്ത് ദിവസം സമയം നല്‍കി. ഹര്‍ജി ഹൈക്കോടതി നാലാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
Content Highlights: Congress gets a setback in petition against PRD's controversial newspaper advertisement