

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള മോഹം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. മത്സരിക്കാൻ ആഗ്രഹമില്ലാത്ത ആരും രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്നും മത്സരിക്കാൻ യോഗ്യയാണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നും ഷമ മുഹമ്മദ് പറഞ്ഞു.
തനിക്ക് സീറ്റ് നൽകുമോ എന്ന കാര്യം നേതാക്കളോട് ചോദിക്കണമെന്നും സ്ത്രീകളെ പരിഗണിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതെന്നും ഷമ മുഹമ്മദ് പറഞ്ഞു. കണ്ണൂർ തൻ്റെ തറവാടാണ്. അതിനാലാണ് അവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. എന്നാൽ കണ്ണൂരിൽ തന്നെ മത്സരിക്കണമെന്ന് നിർബന്ധമില്ല. കേരളത്തിൽ തനിക്കെതിരെ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ട് എന്ന് കരുതുന്നില്ലെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.
പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും വ്യക്തമാക്കിയിട്ടുണ്ട്. എംപിമാർ മത്സരിക്കുമോ എന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കൊടിക്കുന്നിൽ. ഗണേഷ് കുമാർ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഗണേഷ് കുമാറിനെതിരായ വിഷയം പൊതുസമൂഹത്തിൻ്റെ മുന്നിലുണ്ടെന്നും എല്ലാം പത്തനാപുരത്തെ ജനങ്ങൾ വിലയിരുത്തുമെന്നുമാണ് കൊടിക്കുന്നിൽ പറഞ്ഞത്
Content Highlights: Congress leader Shama Mohamed has expressed her desire to contest in the upcoming Assembly elections. Speaking about her political ambitions, she said that no one remains in politics without the desire to contest elections.