ജനങ്ങള്‍ക്കായി നിലയുറപ്പിച്ചോ?, സര്‍വേയില്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്ക് എത്ര ?

പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ വി ഡി സതീശന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് 'വളരെ മികച്ചത്' മുതല്‍ 'വളരെ മോശം' വരെ അഞ്ച് ഓപ്ഷനുകളാണ് അഭിപ്രായം രേഖപ്പെടുത്താനായി നല്‍കിയിരുന്നത്.

ജനങ്ങള്‍ക്കായി നിലയുറപ്പിച്ചോ?, സര്‍വേയില്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്ക് എത്ര ?
dot image

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ പ്രതിപക്ഷ നേതാവായ വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തി. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടത് സര്‍വേയില്‍ പങ്കെടുത്തവരില്‍ 24.45 ശതമാനം പേരാണ്. മികച്ച പ്രവര്‍ത്തനം എന്ന് വിലയിരുത്തിയവര്‍ 19.79 ശതമാനവും ശരാശരിയെന്ന് പറഞ്ഞവര്‍ 12.63 ശതമാനവുമാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മോശം പ്രകടനമാണ് വി ഡി സതീശന്‍ കാഴ്ച്ചവെച്ചത് എന്ന അഭിപ്രായമുളളവര്‍ 26.02 ശതമാനമാണ്. വളരെ മോശം പ്രകടനം എന്ന് 17.11 ശതമാനം ജനങ്ങള്‍ വിലയിരുത്തി.

അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന സര്‍വേയിലെ ചോദ്യത്തിന് വി ഡി സതീശന്‍ എന്ന അഭിപ്രായം രേഖപ്പെടുത്തിയത് 17.18 ശതമാനം പേരാണ്. പറവൂര്‍ എംഎല്‍എയായുള്ള സതീശന്റെ പ്രവര്‍ത്തനത്തിന് സര്‍വേയില്‍ പങ്കെടുത്ത ജനങ്ങള്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 82.5 റേറ്റിങ്ങോടെ 140 എംഎല്‍എമാരുടെ പട്ടികയില്‍ 12ാം സ്ഥാനമാണ് വി ഡി സതീശന്‍ നേടിയിരിക്കുന്നത്.

2021-ല്‍ പറവൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ടി നിക്‌സണെ 21,301 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വി ഡി സതീശന്‍ നിയമസഭയിലെത്തിയത്. 2001 മുതല്‍ തുടര്‍ച്ചയായി പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് വി ഡി സതീശനാണ്. നിയമബിരുദധാരിയായ വി ഡി സതീശന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന വി ഡി സതീശന്‍ എംജി, കേരളാ സര്‍വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായിരുന്നു. 1986-87 കാലത്ത് എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. എന്‍എസ്‌യുഐ ദേശീയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996-ല്‍ നടന്ന നിയമസഭാ ഇലക്ഷനില്‍ തോറ്റുകൊണ്ടാണ് വി ഡി സതീശന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കെ എം ദിനകരനെ തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. ഇതിനൊപ്പം തന്നെ, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ തുടങ്ങി കോണ്‍ഗ്രസിലും വിവിധ തലങ്ങളില്‍ സതീശന്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വി ഡി സതീശന്റെ നേതൃത്വത്തിലാണ് ഇത്തവണ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. പറവൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ചുവരുന്നതുകൊണ്ട് ഇത്തവണയും ഇവിടെ നിന്ന് തന്നെയാകും സതീശന്‍ ജനവിധി തേടുക.

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: Ranking of Opposition Leader V D Satheeshan in Reporter Online election Survey

dot image
To advertise here,contact us
dot image